പുതിയ ഇനം തേരട്ടയെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം കണ്ടെത്തി
പിങ്ക് നിറത്തിലുള്ള പുതിയ ഇനം തേരട്ടയെ കണ്ടെത്തി. പിങ്ക് നിറത്തിലുള്ള ആണ് തേരട്ടയുടെ ശരീരത്തില്‍ 20 ഖണ്ഡങ്ങളും പെണ് തേരട്ടയുടെ ശരീരത്തില്‍ 19 ഖണ്ഡങ്ങളുമുണ്ട്. 34 ജോഡി ഇളം മഞ്ഞ നിറത്തില്‍ കാലുകളുള്ള ഇവക്കു കണ്ണുകളില്ല
കണ്ണൂര്‍ ജില്ലയിലെ തെക്കുംപാടുകൂലം തെഴെക്കാവില് നിന്നാണ് ഈ പുതിയ ഇനം തേരട്ടയെ കണ്ടെത്തിയത്. ഇതേ ജനുസില്‍ വരുന്ന മറ്റൊരിനം തേരട്ടയെ ശ്രീലങ്കയില്‍ നിന്നാണ് ഇതിനു മുമ്പ് കണ്ടെത്തിയിട്ടുള്ളത്.
ഇരിങ്ങാലക്കുട: മലബാറിലെ കാവുകളിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പഠനത്തില്‍ പുതിയ ഇനം തേരട്ടയെ കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തിലാണ് ഈ നേട്ടം. വെറും മൂന്നു മില്ലിമീറ്റര്‍ മാത്രം നീളമുള്ള ഈ പുതിയ ഇനം തേരട്ട കാവുകളിലെ നനവുള്ള മണ്ണില്‍ വീണു ദ്രവിച്ചു കൊണ്ടിരിക്കുന്ന മരക്കമ്പുകളുടെയും മറ്റും ഉള്ളിലാണ് ജീവിക്കുന്നത്. പിങ്ക് നിറത്തിലുള്ള ആണ് തേരട്ടയുടെ ശരീരത്തില്‍ 20 ഖണ്ഡങ്ങളും പെണ് തേരട്ടയുടെ ശരീരത്തില്‍ 19 ഖണ്ഡങ്ങളുമുണ്ട്. 34 ജോഡി ഇളം മഞ്ഞ നിറത്തില്‍ കാലുകളുള്ള ഇവക്കു കണ്ണുകളില്ല എന്നത് പ്രത്യേകതയാണ്. വളരെ ചെറിയ സ്പര്ശിനകള് ഉപയോഗിച്ചാണ് ഇവ ചുറ്റുപാടുകള്‍ മനസിലാക്കുന്നത്. പരന്ന ശരീരത്തോടുകൂടിയ ഇവയുടെ പാര്‍ശ്വഭാഗങ്ങള്‍ മൂന്നായി വിഭജിച്ചു പുറത്തേക്കു ഉന്തി നില്ക്കുന്നു. വളരെ ചെറിയ തേരട്ട കുടുംബമായ പിര്ഗോഡസ്മിഡെ കുടുംബത്തില്‍ ക്ലിമാകൊഡസ്മെസ് എന്ന ജനുസില്‍ ഉള്‍പ്പെടുന്ന ഇവയുടെ വാലിന്റെ അഗ്രഭാഗം രണ്ടായി വിഭജിച്ചു നില്ക്കുന്നു എന്ന പ്രത്യേകതയുള്ളതുകൊണ്ടു ക്ലിമാകൊഡസ്മെസ് ബൈലോബോകോഡേറ്റസ് എന്ന ശാസ്ത്ര നാമമാണ് ഇവക്കു നല്‍കിയിരിക്കുന്നത്. മണ്ണിലെ ചപ്പുചവറുകളിലുള്ള കാല്‍സ്യം ധാതുക്കളുടെ ജൈവികചംക്രമണത്തിലൂടെ മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുന്നതില്‍ ഇവ മുഖ്യപങ്ക് വഹിക്കുന്നു. മഴക്കാലത്തിന്റെ അവസാനത്തോടുകൂടി പെണ് തേരട്ട 250 ഓളം മുട്ടകളിട്ടു ഭദ്രമായി സൂക്ഷിച്ചു വെക്കുന്നു. വളരെ നീണ്ട സുഷുപ്തിക്കു ശേഷം വേനല്‍ കാലം കഴിഞ്ഞു അടുത്ത മഴക്കാലത്തിന്റെ തുടക്കത്തോടു കൂടിയാണു മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്. മുട്ടവിരിഞ്ഞിറങ്ങിവരുന്ന വെളുത്ത നിറത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് വെറും മൂന്നു ജോഡി കാലുകള്‍ മാത്രമേ ഉണ്ടാവൂ. കണ്ണൂര്‍ ജില്ലയിലെ തെക്കുംപാടുകൂലം തെഴെക്കാവില് നിന്നാണ് ഈ പുതിയ ഇനം തേരട്ടയെ കണ്ടെത്തിയത്. 20 ഹെക്ടറോളം വിസ്തീര്‍ണമുള്ള ഈ കാവ് കണ്ടല്‍കാടുകളാല്‍ ചുറ്റപ്പെട്ടതാണ്. ഇതേ ജനുസില്‍ വരുന്ന മറ്റൊരിനം തേരട്ടയെ ശ്രീലങ്കയില്‍ നിന്നാണ് ഇതിനു മുമ്പ് കണ്ടെത്തിയിട്ടുള്ളത് എന്നത് ഈ കണ്ടുപിടിത്തത്തിനു പ്രധാന്യം നല്കുന്നു. വളരെ പതുക്കെ മാത്രം ജൈവിക വ്യാപനം നടത്തുന്ന ഇവയുടെ സാന്നിധ്യം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കരമാര്‍ഗം ബന്ധമുണ്ടായിരുന്നു എന്നുള്ളതിനു മറ്റൊരു തെളിവാണ്. ഇതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ ഇവയുടെ ജനിതക അമ്ലങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനിരിക്കുകയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കോളജിനോടനുബന്ധിച്ചുള്ള ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകയായ അശ്വതി ദാസ്, റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ തേരട്ട ഗവേഷകനായ ഡോ. സെര്‍ഗി ഗോളോവച്ച് എന്നിവര്‍ പങ്കാളികളായി. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ബ്രിട്ടീഷുകാര്‍ നടത്തിയ പഠനങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ തേരട്ട വൈവിധ്യ പഠനത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കേരളത്തില്‍ നിന്നും ഇതുവരെ 57 ഇനം തേരട്ടകളെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും യൂണിവേഴ്സിറ്റി ഗ്രാന്‍സ് കമ്മീഷന്റെയും സാമ്പത്തിക സഹായത്തോടു കൂടെയാണ് പഠനങ്ങള്‍ നടത്തിയത്. ഇവരുടെ കണ്ടെത്തല്‍ ന്യൂസിലന്‍ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയായ സൂടാക്സയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.