വഴിയാത്രക്കാരെ…..കൈയിൽ വടി കരുതണേ….തെരുവുകൾ നായ്ക്കൂട്ടം കീഴടക്കിയിട്ടുണ്ട്!!!!
ഇരിങ്ങാലക്കുട: എവിടെ പോയാലും പിറകേ നായ്ക്കൾ. ഒന്നല്ല, കൂട്ടമായാണ് ഇവയുടെ വരവ്. നായ്ക്കളെ കൊണ്ടു പൊറുതിമുട്ടിയ അവസ്ഥയിലാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഒട്ടെല്ലാ തെരുവുകളും തെരുവുനായ്ക്കൾ കീഴടക്കിക്കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന നായ്ക്കളെ പേടിച്ചുവേണം വഴിനടക്കാനും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കാനും. നായ്ക്കളുടെ ആക്രമണം ഭയന്നു വണ്ടിയോടിച്ച് വീണുണ്ടാകുന്ന അപകടങ്ങളും സർവസാധാരാണമായി. കുറച്ചുനാളുകളായി നഗരത്തിലെ ജനവാസമേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നഗരമധ്യത്തിൽ മാർക്കറ്റ് പരിസരം, ബസ് സ്റ്റാൻഡ്, ബൈപാസ് റോഡ്, നഗരസഭ മൈതാനം എന്നിവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. കല്ലേറ്റുംകരയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും ഭീഷണിയുയർത്തുകയാണു തെരുവുനായ്ക്കൂട്ടം. നായ്ക്കളുടെ പരാക്രമം നാട്ടുക്കാരോടു മാത്രമല്ല, വീടുകൾക്കു മുന്നിൽ ചവിട്ടിയോ ചെരിപ്പോ ഇട്ടാൽ എപ്പോ കടിച്ചുമുറിച്ചുവെന്നു നോക്കിയാൽ മതി. തുണികൾ നനച്ചിട്ടാൽ കടിച്ചുകീറും. അത്രത്തോളം പൊറുതി മുട്ടിയിരിക്കുകയാണു നായ്ക്കളെകൊണ്ടു നഗരവാസികൾ. നായ്ക്കളുടെ കുര കാരണം രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്നാണു മറ്റൊരു പരാതി. ഒറ്റയ്ക്കു കടകളിലേക്കു കുട്ടികളെ പറഞ്ഞുവിടാൻ വീട്ടുക്കാർക്കു പേടിയാണ്. പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കുമായി മുനിസിപ്പൽ മൈതാനത്തെത്തുന്നവർക്കു കൈയിൽ വടി കരുതേണ്ട അവസ്ഥയാണ്. രാവിലെ വിവിധ ജോലിക്കു പോകുന്നവരും ചന്തയിൽ പോകുന്ന ചെറുകിട കചവടക്കാരും കാൽനടയാത്രക്കാരും വിവിധ ആരാധനാലയങ്ങളിലേക്കു പോകുന്ന വിശ്വാസികളും ഭീതിയോടെയാണു പുറത്തിറങ്ങുന്നത്. തെരുവുനായ്ക്കൾ രാവിലെയും രാത്രിയുമാണു റോഡുകൾ കയ്യടക്കുന്നത്. പ്രഭാതസവാരിക്കിറങ്ങുന്നവരും സായാഹ്ന സവാരിക്കിറങ്ങുന്നവരും രക്ഷയ്ക്കായി വടിയുമായാണു യാത്ര. റോഡുകളിലൂടെ നടന്നുപോകുന്ന സമയത്തു കൂട്ടത്തോടെ ആക്രമിക്കുകയാണു നായ്ക്കൾ. റോഡുകളിൽ കൂട്ടംകൂട്ടമായാണു നായ്ക്കൾ വിശ്രമിക്കുന്നത്. അതുവഴി ഏതെങ്കിലും വാഹനം വന്നാൽ കൂട്ടത്തോടെ ഓട്ടം തുടങ്ങും. മാത്രവുമല്ല, ബൈക്കുകളിൽ യാത്ര ചെയ്യുമ്പോൾ ബൈക്കുകളിലേക്കു ചാടിവീഴുന്നതും ഇതുമൂലം ബൈക്ക് നിയന്ത്രണം വിട്ട് നിരവധി അപകടങ്ങൾക്കു കാരണമാകുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം എടതിരിഞ്ഞിയിൽ പ്ലസ് വൺ അഡ്മിഷനു വന്ന കുട്ടികളെ നായ്ക്കൾ കടിക്കാൻ ഓടിച്ചിരുന്നു. സ്കൂൾ തുറക്കുന്നതിനു മുമ്പായി തെരുവുനായ്ക്കളെ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിലും ആരോഗ്യവകുപ്പിലും സ്കൂൾ അധികൃതർ പരാതി നല്കിയിട്ടുണ്ട്.
നായ്ക്കളിൽനിന്നു രക്ഷ വേണം; നയം പറഞ്ഞിട്ടെന്തു കാര്യം
ഇരിങ്ങാലക്കുട: ജനജീവിതത്തെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന കാര്യമായിട്ടും ആരോഗ്യവകുപ്പ് പതിവുമട്ടിൽ നിസംഗത പുലർത്തുന്നതായി ആരോപണമുയർന്നിട്ടുണ്ട്. തെരുവുനായ്ക്കൾ പെരുകുന്നതു തടയാൻ ബാധ്യസ്ഥരായ ഭരണാധികാരികൾ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന മട്ടാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ടതിനു പദ്ധതികൾ ആവിഷ്ക്കരിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ യാതൊരു നടപടിയും എടുക്കുന്നില്ല. തെരുവുനായ്ക്കളെ പിടികൂടി വന്ധീകരണം നടത്തണമെന്നു തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശമുണ്ടായിട്ടും അത്തരം നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്നാണ് ഉയർന്നു വന്നിരിക്കുന്ന ആക്ഷേപം. കാര്യക്ഷമമല്ലാത്ത പ്രതിരോധ നടപടികളും മൗനംപാലിക്കുന്ന അധികൃതർക്കുമെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സൈ്വര്യസഞ്ചാരത്തിനു ഭീഷണിയായുള്ള തെരുവുനായ്ക്കൾ പെരുകുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുക്കാരുടെ ആവശ്യം. കൂടൽമാണിക്യം ക്ഷേത്രം തെക്കേ നടയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാകുന്നുവെന്നും തെരുവുനായ് ശല്യത്തിനു ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തെക്കേനട റെസിഡൻസ് അസോസിയേഷൻ നഗരസഭ സെക്രട്ടറിക്കു പരാതി നല്കി.