ജാതി സര്‍ട്ടിഫിക്കറ്റ് വിഷയം; വിവരശേഖരണത്തിനു കിര്‍ടാഡ്സ് അധികൃതര്‍
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിലുള്ള വിദ്യാര്‍ഥികളുടെ ജാതി സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ വിവരശേഖരണത്തിനു തുടക്കമിട്ടു കിര്‍ടാഡ്സ് അധികൃതര്‍. അധ്യാപികയും ഗവേഷകയുമായ ദീപയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കാക്കാത്തുരുത്തിയിലെത്തി കുടുംബങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. 50 വര്‍ഷമായി കാക്കാത്തുരുത്തിയില്‍ ജീവിക്കുന്ന തങ്ങള്‍ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുന്ന കുറുവ ജാതിയില്പെട്ടവരാണെന്നും തങ്ങളുടെ ജാതി നിര്‍ണയിച്ചു തരണമെന്നും ആവശ്യപ്പെട്ടു റവന്യു വകുപ്പിനു 2016 മുതല്‍ തന്നെ അപേക്ഷകള്‍ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാരമുള്ള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിനു കീഴിലുള്ള കിര്ടാഡ്സിനു റവന്യു വകുപ്പ് അപേക്ഷകള്‍ കൈമാറിയിരുന്നു. ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ അടുത്ത തലമുറയിലെ കുട്ടികളുടെ ഉന്നത പഠനം മുടങ്ങുന്നതും ഇവര്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ജാതി നിര്‍ണയവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനു തുടക്കമിട്ടിരിക്കുന്നത്. പൂര്വീകരെയും ബന്ധുക്കളെയും സംബന്ധിച്ചും എവിടെ നിന്നാണ് ഇവിടെ എത്തിച്ചേര്ന്നിട്ടുള്ളതെന്നുമുള്ള വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിച്ചിട്ടുള്ളത്.