നഗരസഭയുടെ വാഹനം ചെയര്‍പേഴ്സന്റെ വീട്ടില്‍ ഇടുന്നതിനെ ചൊല്ലി വിവാദം
പരാതിയുമായി ബിജെപി കൗണ്‍സിലര്‍മാര്‍
പരാതിയില്‍ കഴമ്പുണ്ടെന്നും വണ്ടി വീട്ടില്‍ നിന്നു മാറ്റാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറിയുടെ വിശദീകരണം
ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി ചെയര്‍പേഴ്സന്റെ വസതിയില്‍ രാത്രി കാലങ്ങളില്‍ പാര്‍ക്കു ചെയ്യുന്നതില്‍ പ്രതിഷേധവുമായി ബിജെപി. നഗരസഭയുടെ വാഹനങ്ങള്‍ നഗരസഭയുടെ തന്നെ ഗാരേജില്‍ സൂക്ഷിക്കണമെന്ന നിയമം ഉള്ളപ്പോള്‍ ദിവസങ്ങളായി ചെയര്‍പേഴ്സണ്‍ ഉപയോഗിക്കുന്ന വാഹനം അവരുടെ വസതിയിലാണു സൂക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണെമെന്നും ആവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിക്ക് പരാതി നല്കി. ഇക്കാര്യത്തില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നു സെക്രട്ടറി അറിയിച്ചു. ചെയര്‍പേഴ്സണ്‍ ഉപയോഗിക്കുന്ന വാഹനം ടൗണ്‍ ഹാളിലാണു രാത്രി കാലങ്ങളില്‍ പാര്‍ക്ക് ചെയ്യാറുള്ളത്. എന്നാല്‍ ടൗണ്‍ ഹാളില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരികയാണ്. നഗരസഭ ഓഫീസ് അങ്കണത്തില്‍ ഒരേ സമയം രണ്ടു വാഹനങ്ങള്‍ മാത്രമേ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുള്ളൂ. നഗരസഭയുടെ അധീനതയില്‍ ആകെ നാലു വാഹനങ്ങളാണ് ഉള്ളത്. ചുറ്റുമതില്‍ ഇല്ലാത്ത നഗരസഭ ഓഫീസ് കോമ്പൗണ്ട് ഒട്ടും സുരക്ഷിതമല്ല. ചുറ്റുമതില്‍ നിര്‍മിക്കാനുള്ള ആവശ്യത്തിന് ഇതുവരെ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടില്ല. എന്തായാലും വാഹനം വീട്ടില്‍ ഇട്ട നടപടിയെ അംഗീകരിക്കുന്നില്ലെന്നും എത്രയും പെട്ടെന്നു വണ്ടി മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഴ്ചയില്‍ ഒരിക്കല്‍ ഇതു സംബന്ധിച്ച രേഖകള്‍ താന്‍ പരിശോധിക്കുമെന്നും സെക്രട്ടറി വിശദീകരിച്ചു.