ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ആഫ്രിക്കന്‍ ഒച്ചുകള്‍ രൂക്ഷമാകുന്നു
ഇരിങ്ങാലക്കുട: നഗരസഭയിലെ പൊറത്തിശേരി മേഖല ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യംമൂലം പൊറുതിമുട്ടുന്നു. നഗരസഭ ഒന്ന്, രണ്ട് ഡിവിഷനുകള്‍ വരുന്ന ബംഗ്ലാവ് പ്രദേശത്താണ് ഇവയുടെ ശല്യം ഏറെ. അഞ്ച്, ആറ്, 15, 31, 40 ഡിവിഷനുകളിലെ ചില വീടുകളിലും ഇവയുടെ സാന്നിധ്യമുണ്ട്. ബംഗ്ലാവിനോട് ചേര്‍ന്നുള്ള കൃഷിഭവന്, വില്ലേജ് ഓഫീസ്, റേഷന്‍കട പ്രദേശങ്ങള്‍ മുതല്‍ വലിയപാലം വരെയുള്ള സ്ഥലങ്ങളിലാണ് ഇവ വ്യാപകം. വീടുകളുടെ ചുമരുകളിലും മതിലുകളിലും മരങ്ങളിലും കിണറിന്റെ നെറ്റിലുമെല്ലാം ഇവ കൂട്ടംകൂട്ടമായാണ് കാണുന്നത്. 2018ലെ പ്രളയത്തിന് ശേഷമാണ് ഇവ കണ്ടുതുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി ഇവയുടെ ശല്യം രൂക്ഷമായിവരികയാണെന്നും നാട്ടുകാര്‍ പറഞ്ഞു. പകല്ച്ചൂടില് തണുത്ത പ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഇവ വെയില് ആറുന്നതോടെയാണ് രംഗത്തെത്തുന്നത്. രാത്രിയില്‍ വീട്ടിലേക്ക് ഇഴഞ്ഞെത്തുന്ന ഇവയെ പിടികൂടി കുപ്പിയിലടച്ച് ഉപ്പിട്ട് കൊല്ലുകയാണ് പലരും ചെയ്യുന്നത്.
എന്നാല്‍ നേരം വെളുത്താല്‍ അതിലേറെ വീട്ടുമുറ്റങ്ങളില്‍ ഇവയെ കാണാനാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വീടുകളിലെ പച്ചക്കറി അടക്കമുള്ള കാര്‍ഷികവിളകളും ഇവ നശിപ്പിക്കുകയാണ്. ഇവയുടെ ശല്യംമൂലം കിണറിലെ വെള്ളം ഉപയോഗിക്കാനാകാതെ സമീപത്തെ കിണറുകളെ ആശ്രയിക്കുന്നവരും ഉണ്ട്. പൊറത്തിശേരി കൃഷിഭവന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസ് നല്‍കിയിരുന്നു. പരീക്ഷണമെന്ന നിലയില്‍ ഒച്ചിനെ തുരത്താന്‍ മരുന്ന് നല്‍കിയെങ്കിലും അവയെ ആകര്ഷിക്കാനാകാഞ്ഞത് തിരിച്ചടിയായി. ചത്ത ഒച്ചുകള്‍ ചീയുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധമാണുണ്ടാകുന്നത്. ഒച്ചിന്റെ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ പുകയില ലായനി തെളിച്ചെങ്കിലും ഫലമുണ്ടായില്ല. ഉപ്പാണ് ഇവയെ തുരത്താനുള്ള മാര്‍ഗമെന്ന നിലയില്‍ നഗരസഭ ആരോഗ്യവിഭാഗം, ഡിവിഷന് കൗണ്‍സിലര്‍മാരായ അല്‍ഫോണ്‍സ തോമസ്, രാജി കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ശല്യമുള്ള വീടുകളിലേക്ക് ഉപ്പ് വിതരണം ആരംഭിച്ചിട്ടുണ്ട്.