ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളജ് ജൈവവൈവിധ്യ ഗവേഷണകേന്ദ്രം
ഇരിങ്ങാലക്കുട: ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളജ് ജൈവവൈവിധ്യ ഗവേഷണകേന്ദ്രം. മേഘാലയയിലെ ഗാരോ മലനിരകള്‍, രാജസ്ഥാനിലെ ഥാര്‍ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകള്‍, തുമ്പൂര്‍മുഴി, കോഴിക്കോട് സര്‍വകലാശാല ക്യാമ്പസ് എന്നിവടങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ ആറ് ഇനം ചിലന്തികളെ കണ്ടെത്തിയത്. പരപ്പന്‍ ചിലന്തി കുടുംബത്തില്‍ വരുന്ന സയാംസ്പൈനൊപ്സ് ഗാരോയെന്‍സിസ് എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഗാരോ മലനിരകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. വളരെ പരന്ന ശരീരമുള്ള ഇവ
പാറയിടുക്കുകളിലും മറ്റും കാണുന്ന വിടവുകളില്‍ ആണ് ജീവിക്കുന്നത്. മഞ്ഞ കലര്‍ന്ന തവിട്ടു നിറത്തോടുകൂടിയ ഇവയുടെ നീളം ഏകദേശം പത്ത് മില്ലിമീറ്റര്‍ ആണ്. കണ്ണിനു ചുറ്റും, ഉദരത്തിലും ആയി കാണുന്ന കറുത്ത പാടുകളാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഇണ ചേര്‍ന്നതിനു ശേഷം വെള്ള നിറത്തിലുള്ള മുട്ട സഞ്ചി ഉണ്ടാക്കി അടയിരിക്കുന്നതും ഇവയുടെ പ്രതേകതയാണ്. ഈ ജനുസ്സില്‍ വരുന്ന ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും കണ്ടെത്തുന്നത്. ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന അഫ്രഫ്ലാസില്ല
മിയജ് ലാരെന്‍സിസ് എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഥാര്‍ മരുഭൂമിയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഏകദേശം നാല് മില്ലിമീറ്റര്‍ നീളമുള്ള ഈ ചിലന്തി ഉണക്ക പുല്‍നാമ്പുകള്‍ക്കിടയിലാണ് ജീവിക്കുന്നത്. ഇരുണ്ട ശിരസ്സിലുള്ള വെളുത്ത രോമങ്ങളും ഉദരത്തിലുള്ള കറുത്ത പാടുകളുമാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഇതേ ജനുസ്സില്‍ വരുന്ന പുതിയ ഇനം ചിലന്തിയെ ആണ് വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്ചിയാട് വനത്തില്‍ നിന്നും കണ്ടെത്തിയത്. അഫ്രഫ്ലാസില്ല കുറിച്ചിയാഡെന്‍സിസ് എന്ന നാമകരണം ചെയ്ത ഇവ ഇലപൊഴിയും കാടുകളിലാണ് കാണപ്പെടുന്നത്. ഇവയുടെ കണ്ണുകള്‍ക്കു ചുറ്റും ചുവന്ന വട്ടങ്ങളും ഉദരത്തില്‍ വെളുത്ത രോമങ്ങളും കാണാം. ആദ്യ ജോഡി കാലുകളിലെ മുഴകളും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കോതമംഗലം വണ്ണപ്പുറത്തിനടുത്തുള്ള കോട്ടപ്പാറ മലനിരകളില്‍ നിന്നാണ് തൂവല്‍ കാലന് ചിലന്തി കുടുംബത്തില്‍ വരുന്ന ഫിലോപോണെല്ല റോസ്ട്രലിസ് എന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ആണ്‍ചിലന്തിയുടെ പ്രതുല്പാദന അവയവത്തില്‍ കിളിചുണ്ടുപോലുള്ള ഭാഗം കാണുന്നതുകൊണ്ടാണ് ഈ ചിലന്തിക്ക് ഇങ്ങനെ പേര് നല്‍കിയിരിക്കുന്നത്. ഏകദേശം നാല് മില്ലിമീറ്റര്‍ മാത്രം നീളമുള്ള ഇവ ഇലകള്‍ക്കടിയിലായി വട്ടത്തിലുള്ള വലനെയ്തു ഒളിച്ചിരിക്കുകയാണ് ചെയ്യുന്നത്. വിഷ ഗ്രന്ഥിയില്ലാത്ത ഈ ചിലന്തി പ്രതേകതരം നൂലുപയോഗിച്ചാണ് ഇരയെ കീഴ്പെടുത്തുന്നത്. തുമ്പൂര്‍മുഴി ശലഭഉദ്യാനം, കോഴിക്കോട് സര്‍വകലാശാല ക്യാമ്പസ് എന്നിവടങ്ങളില്‍ നടത്തിയ പഠനത്തിലാണ് മുള്ളന്‍ കാലന് ചിലന്തി കുടുംബത്തില്‍ വരുന്ന രണ്ടിനം പുതിയ ചിലന്തികളെ കണ്ടെത്തിയത്. മഞ്ഞ കലര്‍ന്ന ശരീരത്തോടു കൂടിയ ഓക്സ്യോപസ് പീതം, വെളുത്ത ഉദരത്തില്‍ സുവര്‍ണ നിറത്തിലുള്ള വരകളോടു കൂടിയ ഓക്സ്യോപസ് തുമ്പൂര്‍മുഴിയെന്‍സിസ് എന്നിവയാണ് ഈ വിഭാഗത്തില്‍ പുതിയതായി കണ്ടുപിടിച്ചു നാമകരണം ചെയ്തിരിക്കുന്നത്. വല കെട്ടാത്ത ഇവ കാട്ടുപൂച്ചയെപോലെ ചാടിവീണു
ഇരപിടിക്കുന്നതു കൊണ്ട് കാട്ടുപൂച്ചചിലന്തി എന്നും ഇവയെ വിളിക്കുന്നു. ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും സാമ്പത്തിക സഹായത്തോടെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഗവേഷണ വിദ്യാര്‍ഥികളായ ഋഷികേശ് ബാലകൃഷ്ണ ത്രിപാദി, പി.പി. സുധിന്‍, കെ.ആര്. ശില്പ, അമൂല്യ ബാജി എന്നിവര്‍ പങ്കാളികളായി. ഈ കണ്ടെത്തലുകള്‍ ന്യൂസിലാന്‍ഡില്‍നിന്നും പ്രസിദ്ധീകരിക്കുന്ന സൂടാക്സ, റഷ്യയില്‍നിന്നുള്ള ആര്‍ത്രോപോഡ സെലെക്റ്റ, ഇംഗ്ലണ്ടില്‍നിന്നുള്ള ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് അരക്നോളജി, ജപ്പാനില്‍നിന്നുള്ള ആക്റ്റ അരക്നോളോജിക്ക, ഈജിപ്തില്‍ നിന്നുള്ള സെര്‍കെട് എന്നീ അന്താരാഷ്ട്ര ശാസ്ത്രമാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ജൈവവൈവിധ്യശോഷണം നടക്കുന്ന സാഹചര്യത്തില്‍ പുതിയ ചിലന്തികളുടെ കണ്ടുപിടുത്തം ഇന്ത്യയിലെ ജന്തുജാലവൈവിധ്യത്തെകുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നു