തേന്‍ മലയാളം ജില്ലാതല ശില്പശാല ആരംഭിച്ചു
ഇരിങ്ങാലക്കുട: മാതൃഭാഷയിലെ പഠന വിടവ് പരിഹരിക്കാനുള്ള പദ്ധതിയായ തേന്‍ മലയാളം ദ്വിദിന ജില്ലാതല ശില്പശാല ഇരിങ്ങാലക്കുട ഗവ. എല്‍പിഎസില്‍ ആരംഭിച്ചു. മൂന്ന്, നാല് ക്ലാസുകളിലെ 18 കുട്ടികള്‍ക്ക് മൊഡ്യൂള്‍ പരിചയപ്പെടുത്തുന്ന ട്രൈ ഔട്ട് ക്ലാസോടെയാണ് ശില്പശാല ആരംഭിച്ചത്. തൃശൂര്‍ ജില്ലയിലെ 12 സബ് ജില്ലകളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 51 അധ്യാപികമാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വളരെ രസകരമായി പാട്ടും കളിയും നിര്മാണവുമൊക്കെയുള്പ്പെടുത്തിയുള്ള തേന്‍ മലയാളം മോഡ്യൂള്‍ ഇതിനകം സംസ്ഥാനത്ത് ഒട്ടേറെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വിജയിപ്പിച്ചതാണ്. പ്രഗത്ഭ അക്കാദമിക് വിദഗ്ദന് ഡോ. ടി.പി. കലാധരന്‍, എസ്. സൈജ കൊല്ലം, ജസ്റ്റീന ജോസ്, ചിത്ര തൃപ്രയാര്‍, സിന്ധു കൃഷ്ണ എന്നീ അധ്യാപകരാണ് സെഷനുകള്‍ നയിക്കുന്നത്. തൃശൂര്‍ ഡിഡി ടി.വി. മദനമോഹനന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. എഇഒ ഡോ. എം.സി. നിഷ അധ്യക്ഷത വഹിച്ചു. സമേതം ജില്ലാ കോഡിനേറ്റര്‍ വി. മനോജ്, ടി.എസ്. സജീവന്, ദീപാ ആന്റണി, കവിത എന്നിവര്‍ സംസാരിച്ചു.