ഇരിങ്ങാലക്കുട രൂപത ഗ്രെയ്സ് ഫെസ്റ്റ് രൂപതാതല ഉദ്ഘാടനം
അമ്പഴക്കാട്: വേനലവധിക്കാലത്ത് നടത്തുന്ന വിശ്വാസ പരിശീലനമായ ഗ്രെയ്സ് ഫെസ്റ്റ് 2023 ന്റെ രൂപതാതല ഉദ്ഘാടനം അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ഇടവക മതബോധന ഹാളില്‍ തൃശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ നിര്‍വഹിച്ചു. ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ അവധിക്കാലം ക്രിസ്തുവിനോടൊപ്പം അനുഗ്രഹപ്രദമാകട്ടെയെന്ന് ബിഷപ്പ് ആശംസിച്ചു. ‘ക്രിസ്തുവില്‍ വളരുക, ക്രിസ്തുവിനെ നോക്കി വളരുക, ക്രിസ്തുവിനോടൊപ്പം വളരുക’ എന്നതാണ് ജീവിത വിജയത്തിനാധാരം എന്ന സന്ദേശമാണ് ബിഷപ്പ് നല്‍കിയത്. ഇരിങ്ങാലക്കുട വിദ്യാജ്യോതി വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അമ്പഴക്കാട് ഫൊറോന പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ നടവരമ്പന്‍, ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍, അമ്പഴക്കാട് ഫൊറോന അസി. വികാരി ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഹെഡ് മാസ്റ്റര്‍ ഷെറിന് പുത്തന്‍വീട്ടില്‍, രൂപത മതബോധന സെക്രട്ടറി സിസ്റ്റര്‍ ലിസ്യൂ മരിയ ഡിഡിപി, പള്ളി കൈക്കാരന് പോള്‍ തെക്കിനിയത്ത്, മതബോധന പിടിഎ പ്രസിഡന്റ് ഷിബു ആന്റണി ഇടശ്ശേരി, അസി. ഹെഡ്മാസ്റ്റര് ജോണ്സണ് ഇല്ലിക്കാണി, ടീം ലീഡര്‍ ബ്രദര്‍ റിജോ എടത്തിരുത്തിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈബിള്‍ അധിഷ്ഠിതമായുള്ള ക്ലാസുകള്‍, കഥകള്‍, പാട്ട്, നൃത്തം എന്നിവയിലൂടെ ദൈവത്തെയും ദൈവവചനത്തെയും സഭയെയും അറിയാനും ക്രൈസ്തവ ജീവിതം പരിശീലിക്കാനും ജീവിതമൂല്യങ്ങളില്‍ വളരുവാനും കുട്ടികളെ ഒരുക്കുക എന്നതാണ് ഈ ത്രിദിന പരിപാടി ലക്ഷ്യം വയ്ക്കുന്നത്. രൂപതയിലെ എല്ലാ ഇടവകകളിലും വൈദിക വിദ്യാര്‍ഥികളുടെയും മതബോധന അധ്യാപകരുടെയും രക്ഷകര്‍ത്തൃ സമിതിയുടെയും നേതൃത്വത്തിലാണ് ഗ്രെയ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.