ഭാരതത്തിന്റെ മതേതരത്വവും ബഹുസ്വരതയും കളങ്കപ്പെടുത്തരുത് : മാര്‍ പോളി കണ്ണൂക്കാടന്‍
പറപ്പൂക്കര: മണിപ്പുരിലെ കലാപ ഭൂമിയിലേക്ക് സമാധാനത്തിന്റെയും പ്രാര്‍ഥനയുടെയും സന്ദേശവുമായി പറപ്പൂക്കര ഫൊറോനയിലെ ഇടവക അംഗങ്ങള്‍. മണിപ്പുര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പറപ്പൂക്കര ഫൊറോന പള്ളിയില്‍ നിന്നും നെടുമ്പാള്‍ സെന്ററിലേക്ക് നടത്തിയ പ്രതിഷേധ ജാഥ വികാരി മോണ്‍. ജോസ് മാളിയേക്കല്‍ ഫഌഗ് ഓഫ് ചെയ്തു. നെടുമ്പാള്‍ സെന്ററില്‍ നടന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വവും ബഹുസ്വരതയും കളങ്കപ്പെടുത്തരുത്, മതേതരത്വവും ബഹുസ്വരതയും ആണ് ഭാരതത്തിന്റെ മുഖമുദ്രയെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മിപ്പിച്ചു. തൃശൂര്‍ അതിരൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ലാസര്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പറപ്പൂക്കര ഫൊറോന വികാരി മോണ്‍. ജോസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജിബിന്‍ നായത്തോടന്‍ സ്വാഗതവും കൈക്കാരന് ജോസ് പനംകുളത്തുകാരന്‍ നന്ദിയും പറഞ്ഞു. പറപ്പൂക്കരയിലെ മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ‘സേവ് മണിപുര്‍’ എന്ന ക്യാമ്പയിന് നടന്നു. 250 ഓളം കുട്ടികള്‍ പങ്കെടുത്തു. പ്രതിഷേധ പരിപാടികള്‍ക്ക് കൈക്കാരന്മാരായ ജോസ് പനംകുളത്തുകാരന്‍, വിന്‍സെന്റ് പനംകുളത്തുകാരന്‍, ജോണ്സണ് പുതുപ്പിളളിപറമ്പില്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജിബി തൊട്ടുങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.