ലാന്‍ഡ് ട്രിബ്യൂണല്‍ അഞ്ചാംവര്‍ഷത്തിലേക്ക്: മുകുന്ദപുരം താലൂക്ക് പുറത്തുതന്നെ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും അധികാരപരിധിയില്‍നിന്ന് മുകുന്ദപുരം താലൂക്ക് ഇപ്പോഴും പുറത്തുതന്നെ. മുകുന്ദപുരം താലൂക്കിനെ ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ പരിധിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍ണയിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പായില്ല. നിലവില്‍ തൃശൂര്‍ ലാന്‍ഡ് ട്രിബ്യൂണലിന്റെ കീഴിലാണ് മുകുന്ദപുരം താലൂക്ക്. ട്രിബ്യൂണല്‍ ഓഫീസിന്റെ പ്രവര്‍ത്തനപരിധി നിശ്ചയിച്ചുകൊണ്ട് റവന്യൂ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വന്ന അപാകമാണ് ഇരിങ്ങാലക്കുടയില്‍ നിന്ന് മുകുന്ദപുരം താലൂക്ക് ഒഴിവാകാന്‍ കാരണം.
ഇതുമൂലം ഇരിങ്ങാലക്കുടയിലെ ജനങ്ങള്‍ പട്ടയമടക്കമുള്ള കാര്യങ്ങള്‍ക്കായി 20 കിലോമീറ്ററിലേറെ സഞ്ചരിച്ച് തൃശൂരിലെത്തേണ്ട സ്ഥിതിയാണ്. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകളില്‍ ഹിയറിംഗ് പൂര്‍ത്തിയാക്കി പട്ടയം വിതരണം ചെയ്യുന്ന പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനായിട്ടാണ് 2019-ല്‍ ഇരിങ്ങാലക്കുടയിലും കുന്നംകുളത്തുമായി പുതിയ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസുകള്‍ ആരംഭിച്ചത്. കുന്നംകുളം ട്രിബ്യൂണലിനു കീഴില്‍ കുന്നകുളം, ചാവക്കാട്, തലപ്പിള്ളി എന്നീ മൂന്ന് താലൂക്കുകളെയും ഇരിങ്ങാലക്കുടയ്ക്കു കീഴില്‍ ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കുകളെയും ഉള്‍പ്പെടുത്തി. എന്നാല്‍, ഇരിങ്ങാലക്കുട ആസ്ഥാനമായ മുകുന്ദപുരം താലൂക്കിനെ തൃശൂര്‍ ലാന്‍ഡ് ട്രിബ്യൂണലിനു കീഴില്‍ത്തന്നെ നിലനിര്‍ത്തുകയായിരുന്നു.
വിജ്ഞാപനത്തിലെ അപാകം ചൂണ്ടിക്കാട്ടി റവന്യൂ ഉദ്യോഗസ്ഥരും ജനങ്ങളും മുകുന്ദപുരത്തെ ഇരിങ്ങാലക്കുടയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷത്തിനകം അപാകം പരിഹരിച്ച് പുതിയ ഉത്തരവിറക്കുമെന്ന് അന്നത്തെ റവന്യൂ മന്ത്രി ചന്ദ്രശേഖരന് അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് റവന്യൂ മന്ത്രി കെ. രാജന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. അധികാരപരിധി പുനര്‍നിര്‍ണയത്തിന് സര്‍ക്കാരിന്റെ അംഗീകാരം തേടി 2022 ജൂണില്‍ അന്നത്തെ ജില്ലാ കളക്ടര്‍ ലാന്‍ഡ് ബോര്‍ഡിന് കത്തുനല്‍കിയിരുന്നു. കത്തു പരിശോധിച്ച ബോര്‍ഡ് അപാകം പരിഹരിച്ച് ഉത്തരവ് ഭേദഗതി വരുത്താന്‍ റവന്യൂ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല.