അവുണ്ടര്ച്ചാലിനു കുറുകെ പാലത്തിനു ഇനിയും കാത്തിരിക്കണം
എടക്കുളം: പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടര്ച്ചാലിനു കുറുകെ പാലത്തിനുവേണ്ടി ഇരുകരകളിലെയും ജനങ്ങള്‍ ഇനിയും കാത്തിരിക്കണം. ചാലിന്റെ ഒഴുക്ക് പരിശോധിച്ചശേഷം പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കാനാണ് പൊതുമരാമത്തുവകുപ്പ് കാത്തിരിക്കുന്നത്. ഒഴുക്കിന്റെ ശക്തി പരിശോധിക്കാന്‍ വിദഗ്ധസംഘം അധികം വൈകാതെ എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ബജറ്റില്‍ അവുണ്ടര്ച്ചാലിനു കുറുകെ പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റിലും പാലം ഇടംപിടിച്ചിരുന്നു. എന്നാല്‍, ഇതുവരെയും അതിനുള്ള പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലത്തെ മണ്ണ്, സാന്ദ്രത എന്നിവ പരിശോധിച്ച് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായി ഡിസൈന്‍ തയ്യാറാക്കിയിരുന്നു. വലിയ ട്രാഫിക് ഇല്ലാത്ത സ്ഥലമല്ലാത്തതിനാല് ഉയരം കുറഞ്ഞ പാലം നിര്‍മിക്കാനായി താത്കാലിക രൂപരേഖ തയ്യാറാക്കി. എന്നാല്‍, പ്രദേശത്ത് ഉയരം കുറഞ്ഞ പാലം വന്നാല്‍ അത് വെള്ളപ്പൊക്കത്തില്പ്പെടുമെന്ന് പരാതി ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന് പ്രദേശത്തെ ഒഴുക്കിന്റെ ശക്തി എത്രയുണ്ടെന്ന് പരിശോധിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ചാലിന് കുറുകെയായി 30 മീറ്റര്‍ നീളത്തില്‍ പാലം നിര്മിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ചാലിലെ വെള്ളത്തിന്റെ ഒഴുക്ക് പരിശോധിച്ചശേഷം അതനുസരിച്ച് അന്തിമരൂപരേഖ തയ്യാറാക്കിവേണം പദ്ധതി സമര്‍പ്പിക്കാനെന്ന് ബ്രിഡ്ജസ് വിഭാഗം വ്യക്തമാക്കി. ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികളിലേക്കു കടക്കാന്‍ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പൂമംഗലം പഞ്ചായത്തില്‍ എടക്കുളം നെറ്റിയാട് സെന്ററിനെയും പടിയൂര്‍ പഞ്ചായത്തിലെ വളവനങ്ങാടിയെയും എളുപ്പം ബന്ധിപ്പിക്കുന്ന തോടിന് കുറുകെ പാലം വരണമെന്നത് ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ എടതിരിഞ്ഞി വഴി വളഞ്ഞുവേണം പടിയൂര്‍ പഞ്ചായത്തിന്റെ തെക്കന്മേഖലയിലുള്ളവര്ക്ക് ഇരിങ്ങാലക്കുടയിലെത്താന്‍. പാലം വന്നാല്‍ പടിയൂര്‍ നിവാസികള്‍ക്ക് ഇരിങ്ങാലക്കുടയിലെത്താന്‍ പോട്ട മൂന്നുപീടിക സംസ്ഥാനപാതയ്ക്കു പുറമേ ഒരു സമാന്തരപാത എന്ന നിലയിലും ഈ റോഡ് ഉപയോഗപ്പെടുത്താന്‍ സാധിക്കും. മാത്രമല്ല, പടിയൂര്‍ പൂമംഗലം കോള്‍ മേഖലയില്‍പ്പെട്ട നൂറുകണക്കിന് ഏക്കര്‍ പാടം കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും പാലം ഏറെ ഗുണംചെയ്യും.