മഴ കനത്തു….. നെഞ്ചിടിപ്പോടെ മുസാഫരികുന്ന് കോളനി നിവാസികള്‍
കരൂപ്പടന്ന: മഴ കനത്തതോടെ മുസാഫരി കുന്നിലെ വീട്ടുക്കാരുടെ നെഞ്ചില്‍ തീയാണ്. മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ ഏറെ ആധിയിലാണ് കഴിയുന്നത്. ജീവന് പോലും പണയം വച്ചാണ് ഓരോ ദിവസവും അവര്‍ തള്ളിനീക്കുന്നത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പാരിജാതപുരം ക്ഷേത്രത്തിനു പിറകില്‍ മുസാഫരിക്കുന്നില്‍ താമസിക്കുന്ന 21 കുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നത്. നാലും അഞ്ചും സെന്റില്‍ താമസിക്കുന്ന ഇവരുടെ വീടുകള്‍ മുപ്പതടിയോളം താഴ്ചയിലുള്ള വലിയ കുഴിക്കരികിലാണ്. കുത്തനെയുള്ള ചരിഞ്ഞ പ്രദേശത്താണ് മുന്‍വര്‍ഷങ്ങളില്‍ കനത്തമഴയില്‍ മണ്ണിടിഞ്ഞത്. കാലവര്‍ഷം കണക്കിലെടുത്ത് 63 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലൊന്നായ മുസാഫരിക്കുന്ന് അതിജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളുടെ പട്ടികയില്‍ ജില്ലാ ഭരണകൂടം ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലമാണ്. 2018, 19 വര്‍ഷത്തെ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിലായിരുന്നു പരിശോധന. മണ്ണു സംരക്ഷണ വകുപ്പ്, മൈനിംഗ് ആന്‍ഡ് ജിയോളജി, ഗ്രൗണ്ട് വാട്ടര്‍, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. മഴകനക്കുന്നതോടെ മണ്ണിടിച്ചില്‍ പ്രദേശത്തു നിന്നും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ഓരോ മഴയിലും വീണ്ടെടുക്കാന്‍ സാധിക്കാത്തവിധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവരുടെ സ്ഥലം. എല്ലാ മഴക്കാലത്തും മുസാഫരിക്കുന്നിന്റെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടാകാറുണ്ട്. മഴ കനത്താല്‍ ഇവരെ സമീപത്തെ സ്കൂളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് പതിവ്. മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പു നല്‍കിയെങ്കിലും നടപ്പിലായില്ല. സംരക്ഷണ ഭിത്തി നിര്‍മിക്കുവാന്‍ പോലും അധികാരികള്‍ തയാറായിട്ടില്ല. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ വലിയൊരു തുക ആവശ്യമായി വരുമെന്നും അതിനാല്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും അതിനാല്‍ അപകടാവസ്ഥയിലായ വീടുകളില്‍ നിന്നും മാറി താമസിക്കുന്നതാണ് ഉചിതമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കഴിഞ്ഞ ദിവസം മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണി നേടിരുന്ന പ്രദേശത്തെ വീട്ടുക്കാര് മാറി താമസിക്കണമെന്ന് പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ വിട്ട് മാറി താമസിക്കില്ലെന്ന നിലപാടിലാണ് വീടടുക്കാര്.
ഫയലില്‍ ഉറങ്ങി പുനരധിവാസപദ്ധതി
മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍ നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി യാഥാര്‍ഥ്യമായില്ല. 2008 മുതലാണ് മുസാഫരിക്കുന്നില്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. അന്നത്തെ റവന്യൂവകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രനും ജില്ലാ കളക്ടറും ഉള്‍പ്പടെ സ്ഥലം സന്ദര്‍ശിച്ച് താത്കാലിക പരിഹാരം കണ്ടിരുന്നു. ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനിന്നിരുന്ന പ്രദേശത്ത് 2018ലെ പ്രളയവുമായി ബന്ധപ്പെട്ട കനത്ത മഴയിലാണ് മണ്ണിടിച്ചില്‍ രൂക്ഷമായത്. 2019 ലും ഇതാവര്‍ത്തിച്ചപ്പോള്‍ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് അപകടാവസ്ഥയിലുള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കൂടുതല്‍ അപകടാവസ്ഥയിലുള്ള അഞ്ച് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കുകയും അതില്‍ നാലു കുടുംബങ്ങള്‍ സ്ഥലം കണ്ടെത്തി വീടുപണിത് മാറുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന 21 കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്ി യോഗത്തിലാണ് അപകടഭീഷണി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചത്. മണ്ണിടിച്ചില്‍ മേഖലകളില്‍ വിദഗ്ധ സംഘം നടത്തിയ പഠനത്തിനുശേഷം സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഭൂമി വാങ്ങുന്നതിന് ആറു ലക്ഷവും ആ ഭൂമിയില്‍ വീട് പണിയുന്നതിന് നാലുലക്ഷവും നല്കുന്ന പദ്ധതിയിലാണ് ഇവരെ ഉള്‍പ്പെടുത്തിയത്. ഓരോ മഴക്കാലത്തും ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി നില്‍ക്കേണ്ടി വരാറുള്ള കുടുംബങ്ങള്‍ സന്തോഷത്തോടെയാണ് പദ്ധതിയെ സ്വീകരിച്ചത്. എന്നാല്‍ പല കുടുംബങ്ങളും ഭൂമി വാങ്ങാന്‍ കാരാര്‍ എഴുതിയെങ്കിലും പണം കൊടുക്കാനാകാതെ പിന്മാറേണ്ടി വന്ന സാഹചര്യമാണുള്ളത്.