തീവണ്ടി കയറി, ഇനി ഇവരുടെ ക്ലാസ് മുറികളിലേക്ക്…. വരൂ…. കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലേക്ക്
കരാഞ്ചിറ: ക്ലാസ്മുറികളാക്കി മാറ്റിയ തീവണ്ടിയിലാണ് കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലെ വിദ്യാര്‍ഥികളുടെ ഇനിയുള്ള പഠനം. വിദ്യാഭ്യാസം എന്നുള്ളത് ഒരു ജീവിതയാത്രയാണ്. ട്രെയിന്‍ യാത്രയുടെ അനുഭൂതിയില്‍ ഉല്ലാസം ലഭിക്കുന്ന തരത്തില്‍ കുട്ടികള്‍ പഠിച്ചു വരണം എന്ന സ്കൂള്‍ മാനേജരും അധ്യാപകനുമായ ഫാ. ജെയിംസ് പള്ളിപ്പാട്ടിന്റെ ആശയമാണ് ഇതിനു പിന്നില്‍. സ്കൂളിലെ എല്‍പി വിഭാഗം കെട്ടിടത്തിലെ ആറ് ക്ലാസ് മുറികളടങ്ങിയ ഹാള്‍ ആകര്‍ഷകമായ രീതിയില്‍ തീവണ്ടിയുടെ മാതൃകയില്‍ രൂപകല്പന ചെയ്യുകയായിരുന്നു.
110 വര്‍ഷം പിന്നിടുന്ന ഈ സ്കൂളില്‍ 1965 ല്‍ നിര്‍മിച്ച കെട്ടിടമാണ് ഇത്തരത്തില്‍ മോടിപിടിപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ഥികളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. ക്ലാസ് മുറികളുടെ നവീകരണത്തിന് 1975 എസ്എസ്എല്‍സി ബാച്ചുകാരുടെ സഹകരണം ഉണ്ടായിരുന്നു. പ്രമുഖ വ്യവസായി എം.എ. യൂസഫലിയടക്കം ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. നവീകരിച്ച ഈ കെട്ടിടത്തില്‍ വെച്ചാണ് തിങ്കളാഴ്ച കാട്ടൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവ ചടങ്ങ് നടക്കുന്നത്. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന് അധ്യക്ഷത വഹിക്കും. കരാഞ്ചിറ സെന്റ് സേവിയേഴ്സ് പള്ളി വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് അനുഗഹപ്രഭാഷണം നടത്തും. പ്രധാനാധ്യാപിക സി.ജെ. മഞ്ജു, പിടിഎ പ്രസിഡന്റ് വി.എ. ബഷീര്‍ എന്നിവര്‍ പ്രസംഗിക്കും.