കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാളിന് കൊടികയറി
കരുവന്നൂര്‍: സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടികയറി. കാട്ടൂര്‍ പള്ളി വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റ് നിര്‍വഹിച്ചു. വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ പോള്‍ തെക്കൂടന്‍, കൈക്കാരന്മാരായ ഫ്രാന്‍സിസ് പാറേമല്‍, റിസന്‍ പെരുമ്പുള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. 25, 26, 27 തിയതികളിലാണ് തിരുനാള്‍.
24 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. 25ന് രാവിലെ 6.30ന് പ്രസുദേന്തിവാഴ്ച, ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവക്ക് ഫാ. ലിന്‍സ് മേലേപ്പുറം സിഎംഐ കാര്‍മികനായിരിക്കും. തുടര്‍ന്ന് കുടുംബങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 10ന് അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 26ന് രാവിലെ 6.30ന് ദിവ്യബലി, 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. മെല്വിന് പെരേപ്പാടന് മുഖ്യകാര്‍മികത്വം വഹിക്കും. പിഒസി ഡയറക്ടര്‍ ഫാ. ജോജു കോക്കാട്ട് തിരുനാള്‍സന്ദേശം നല്‍കും. ഇടവകയിലെ വൈദികള്‍ സഹകാര്‍മികരായിരിക്കും.
വൈകീട്ട് 4.30ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. പരേതരുടെ അനുസ്മരണദിനമായ 27ന് രാവിലെ 6.30ന് ദിവ്യബലി, പൊതുഒപ്പീസ്, രാത്രി ഏഴിന് മെഗാ ഷോ ഉണ്ടായിരിക്കും. എട്ടാമിട തിരുനാള്‍ദിനമായ ഫെബ്രുവരി രണ്ടിന് രാവിലെ 6.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, സന്ദേശം എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍, കൈക്കാരന്മാരായ ഫ്രാന്‍സിസ് പാറേമല്‍, റിസണ്‍ പെരുമ്പുള്ളി, ജനറല്‍ കണ്‍വീനര്‍ പോള്‍ തെക്കൂടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.