നടവരമ്പിന് എപ്ലസ് ത്രിമധുരം: ജനിച്ചതും പഠിച്ചതും ഒരുമിച്ച്, പരീക്ഷാ ഫലത്തിലും ഈ മൂവര്‍ സംഘം ഒരുമ കാത്തു

ഇരിങ്ങാലക്കുട: ഒരുമിച്ചു പിറന്നവര്‍ എസ്എസ്എല്‍സി വരെയുള്ള പഠനം ഒരേ ക്ലാസില്‍, പരീക്ഷാ ഫലത്തിലെ ഉന്നത വിജയത്തിലും ഇവര്‍ ഒന്നിച്ചു തന്നെ. നടവരമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന കൃഷ്ണതുളസി, കൃഷ്ണപ്രിയ, കൃഷ്ണേന്ദു എന്നീ മൂവര്‍ സംഘമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നടവരമ്പ് ഗ്രാമത്തിന്റെ അഭിമാനമായി മാറിയത്. നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ ഇവര്‍ മൂവരും ഒരേ ക്ലാസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. 2009 ഒക്ടോബര്‍ 28 ന് ആറ്റത്തുപറമ്പില് ചന്ദ്രന്റെയും ഇന്ദിരയുടെയും കടിഞ്ഞൂല്‍ പ്രസവത്തില്‍ പിറന്ന കണ്മണികളാണിവര്.
വെള്ളാങ്കല്ലൂരിലെ സ്വകാര്യ ഓഡിറ്റോറിയത്തിലെ മാനേജറാണ് ചന്ദ്രന്. വെള്ളാങ്കല്ലൂരിലെ സ്വകാര്യ ലാബിലെ ലാബ് ടെക്നിഷ്യനാണ് ഇന്ദിര. എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ മുതല്‍ നാട്ടുക്കാരുടെയും സ്കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും ബന്ധുക്കളുടെയും അഭിനന്ദന പ്രവാഹമായിരുന്നു ഇവരുടെ വീട്ടിലേക്ക്. പഠനത്തിലെന്നപോലെ കലാരംഗത്തും മിടുക്കരാണിവര്‍. ഒരേ ക്ലാസില്‍ ഒരുമിച്ച് പഠിച്ച ഇവര്‍ക്ക് ഉപരി പഠനത്തിന് വിത്യസ്ത മേഖലകളിലേക്കാണ് താത്പര്യമെങ്കിലും നടവരമ്പ് സ്കൂളില്‍ തന്നെ പ്ലസ്ടുവിന് പഠിക്കണമെന്നാണ് മോഹം. കൃഷ്ണതുളസിക്ക് കോമേഴ്സും കൃഷ്ണപ്രിയക്കും കൃഷ്ണേന്ദുവിനും സയന്‍സും പഠിക്കുവാനാണ് ഇഷ്ടം.