നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് സ്ക്വാഡ് പരിശോധന നടത്തി

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിനായുള്ള താത്്്ക്കാലിക ഓഫീസ് സജ്ജീകരിച്ചിട്ടുണ്ട്. ഉത്സവദിനങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് സംഭാരവിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോട്ടലുകള്‍, ശീതളപാനീയ കടകള്‍ തുടങ്ങി ഭക്ഷ്യപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിവരുന്നു. ഹോട്ടലുകള്‍ക്കും ശീതളപാനീയ വില്പനശാലകള്ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്ക്കാന് പാടുള്ളതല്ല. പാകം ചെയ്യുന്ന സ്ഥലവും ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് വിളമ്പുന്ന സ്ഥലവും വൃത്തിയായിരിക്കണം.
ഫുഡ് ആന്‍ഡ് സേഫ്റ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. ഗ്രീന്‍ പ്രൊട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്തമാക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഡിസ്പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ക്ഷേത്രപരിസരങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുക്കും. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനു മാത്രമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. രാത്രിയിലും പകലും സ്ക്വാഡിന്റെ പ്രവര്‍ത്തനം ഉണ്ടായിരിക്കും. എല്ലാ ദിവസവും ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ക്ഷേത്ര പരിസരത്തെ കടകളില്‍ പരിശോധന നടത്തുന്നുണ്ട്.
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ തിരുവുത്സവത്തിലെ രാവിലെയുള്ള ശീവേലിക്കും രാത്രി നടക്കുന്ന വിളക്കെഴുന്നള്ളിപ്പിനും 17 ഗജവീരന്മാരാണ് അണിനിരക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഉള്ളാനകളാണ്. തിടമ്പ് വഹിക്കുന്ന ആനയുടെ ഇരുവശത്തും രണ്ട് ഉള്ളാനകള്‍ നില്‍ക്കുന്നത് കൂടല്‍മാണിക്യത്തിലെ മാത്രം സവിശേഷതയാണ്. ഉത്സവനാളുകളില്‍ ഭഗവാന് പുറത്തേക്ക് എഴുന്നള്ളുന്നത് സ്വര്‍ണക്കോലത്തിന്റെ പ്രൗഢിയോടെയാണ്. വെള്ളിയില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 17 ആനകളില്‍ പത്തും വെള്ളി നെറ്റിപ്പട്ടമണിഞ്ഞാണ് ഗജനിരയില്‍ ഉണ്ടാകുക. തിടമ്പേറ്റിയ ആനയ്ക്കം ഇരു വശത്തുമായി ഓരോ ഉള്ളാനകളും ഇവിടത്തെ പ്രത്യേകതയാണ്.
തിടമ്പേറ്റിയ ആനയ്ക്കും ഉള്ളാനകള്ക്കും അവര്‍ക്ക് ഇരുവശത്തുമുള്ള രണ്ട് ആനകള്‍ക്കുമായി ഏഴ് എണ്ണത്തിനെയാണ് സ്വര്‍ണ നെറ്റിപ്പട്ടം അണിയിക്കുക. ഒരു സ്വര്ണക്കുടയടക്കം പതിനേഴ് കുടകള്‍, ആലവട്ടം, വെഞ്ചാമരം, ആനകള്‍ക്കുള്ള കച്ചക്കയര്‍, കഴുത്തുമണി, പള്ളമണി, കൈമണി എന്നിവയാണ് ആനച്ചമയത്തിന് ഒരുക്കുക. രാവിലെ ചമയങ്ങളോടെ കൊട്ടിലാക്കല്പ്പറമ്പില്നിന്ന് ക്ഷേത്രത്തിലേക്കുള്ള ആനകളുടെ വരവും ശീവേലി കഴിഞ്ഞുള്ള മടക്കവും ആവേശമുയര്‍ത്തുന്നതാണ്.
കൂടല്‍മാണിക്യം ദേവസ്വം മേഘാര്ജുനന് (മാണിക്യന്), തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരന്, കുട്ടന്‍കുളങ്ങര ദേവസ്വം അര്ജുനന്, ഗുരുവായൂര്‍ ദേവസ്വം ജൂനിയര്‍ വിഷ്ണു/ കൃഷ്ണനാരായണന്‍, പല്ലാട്ട് ബ്രഹ്മദത്തന്, പാറന്നൂര്‍ നന്ദന്, ചൈത്രം അച്ചു, അക്കിക്കാവ് കാര്ത്തികേയന്, പാറമേക്കാവ് ദേവസ്വം കാശിനാഥന്, തിരുവമ്പാടി ദേവസ്വം കണ്ണന്, തോട്ടേക്കാട്ട് വിനായകന്, വേമ്പനാട് അര്ജ്ജുനന്, ബാസ്റ്റിന് വിനയസുന്ദര്‍, അരുണിമ പാര്‍ഥസാരഥി, തോട്ടുച്ചാലില് ബോലോനാഥ്, അമ്പാടി മഹാദേവന്, പീച്ചിയില്‍ രാജീവ്, തടത്താവിള രാജശേഖരന്, നന്തിലത്ത് ഗോവി്ദകണ്ണന്, മനുസ്വാമിമഠം വിനായകന്, മീനാട് കേശു, അമ്പാടി മാധവന്, ശങ്കരംകുളങ്ങര ദേവസ്വം ഉദയന്‍, മനുസ്വാമിമഠം മനുനാരായണന്‍, പത്മതീര്ഥം സൂര്യനാരായണന്, വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍, നെല്ലിക്കാട്ട് മഹാദേവന്, പുതുപ്പിള്ളി ഗണേശന്, വേമ്പനാട് വാസുദേവന്‍, കുളക്കാടന്‍ കുട്ടികൃഷ്ണന് എന്നീ ആനകളും ഉള്ളാനകളായി നന്തിലത്ത് ഗോപീകണ്ണനും ദേവസ് ആരോമലുമാണ് എഴുന്നള്ളിപ്പിനായി രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്.
അഴകരങ്ങായി കൂടല്‍മാണിക്യം; ഉത്സവത്തിന് 24 മണിക്കൂറും പരിപാടികള്‍, തിരക്കേറി
ഇരിങ്ങാലക്കുട: 24 മണിക്കൂറും പരിപാടികളുമായി കൂടല്‍മാണിക്യം ഉത്സവം. കൊടിപ്പുറത്തുവിളക്ക് മുതല്‍ ആറാട്ടുവരെ മതിവരാക്കാഴ്ചകളാണ് ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അരങ്ങേറുന്നത്. രാവിലത്തെ ശീവേലി അവസാനിച്ചാല്‍ കിഴക്കേ നടപ്പുരയില്‍ ഓട്ടന്തുള്ളല്, അതിനു പിന്നാലെ സ്പെഷ്യല്‍ പന്തലിലും പുറത്ത് സംഗമം വേദിയിലുമായി വിവിധ കലാപരിപാടികള്‍, ക്ഷേത്രകലകള്‍, വിളക്കെഴുന്നള്ളിപ്പ്. പടിഞ്ഞാറേ നടപ്പുരയില്‍ മേളം അവസാനിച്ച് തീര്‍ഥക്കരയില്‍ ചെമ്പട തുടങ്ങുന്നതിനു മുന്നേ സ്പെഷ്യല്‍ പന്തലില്‍ കഥകളി തുടങ്ങും. പുലര്‍ച്ചെ ക്ഷേത്രത്തിനകത്ത് ബ്രഹ്മകലശൂജ, ബ്രാഹ്മണിപ്പാട്ട്, സോപാനസംഗീതം, മാതൃക്കല്‍ ദര്‍ശനം, പുറത്തേക്കെഴുന്നള്ളിപ്പ്, വീണ്ടും ശീവേലി. പകല്‍ വെയില് രൂക്ഷമായതിനാല്‍ വൈകുന്നേരങ്ങളിലാണ് ആളുകള്‍ കൂടുതലെത്തുന്നത്. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ചെറു സംഘങ്ങളായി ഇരിക്കാനും കലാപരിപാടികള്‍ കാണാനും വിളക്കെഴുന്നള്ളിപ്പ് ആസ്വദിക്കാനും തിരക്കേറെയാണ്. മറ്റ് ക്ഷേത്രങ്ങളില്‍ ഉത്സവബലി നടത്തുമ്പോള്‍ ഇവിടെ രാവിലെയും വൈകീട്ടും മാതൃക്കല്‍ ബലിയാണ് നടത്തുക.