കൂടല്‍മാണിക്യം; സംഗമപുരിയില്‍ മേളാസ്വാദകരുടെ മനം കവര്‍ന്ന് കണ്ണിനും കാതിനും കുളിര്മായി ചെമ്പട മേളം

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്ന ചെമ്പടമേളം.
ഇരിങ്ങാലക്കുട: പഞ്ചാരിയുടെ പാല്ക്കടല് തീര്‍ക്കുന്ന കൂടല്‍മാണിക്യം ഉത്സവത്തില്‍ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പടമേളം. പഞ്ചാരിമേളം പൂര്‍ത്തിയാവുന്നത് ചെമ്പടയിലാണ്. 21 ചെമ്പടമേളങ്ങളാണ് ഇവിടെ എഴുന്നള്ളിപ്പിനോടനുബന്ധിച്ച് കൊട്ടുന്നത്. ക്ലാസിക്കല്‍ പഞ്ചാരിയുടെ പ്രയോഗവേദിയായ ഇരിങ്ങാലക്കുടയിലെ ഉത്സവത്തിന് മേളം അഞ്ചാം കാലം പടിഞ്ഞാറേ നടയില്‍ കൊട്ടിക്കലാശിക്കുന്നതോടെ പഞ്ചാരിമേളം കഴിയുന്നു. തുടര്‍ന്ന് രൂപകം കൊട്ടി നേരെ ചെമ്പടമേളത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. കുലീപിനീ തീര്ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. അതുകൊണ്ടിതിനെ തീര്ഥക്കരമേളം എന്നും പറയാറുണ്ട്.
വടക്കേ നടയില്‍ ചുറ്റമ്പലത്തിന്റെ വാതിലിനടുത്തായിട്ടാണ് ചെമ്പടമേളം നടക്കുക. ചുറ്റമ്പലത്തിന്റെ വടക്കേ വാതിലിനടുത്ത് പ്രദക്ഷിണ വഴിയിലെ തീര്‍ഥക്കരയില്‍ നടക്കുന്ന ഈ ചെമ്പടമേളം തട്ടകത്തിന്റെ വൈകാരികമേളവും കൂടിയാണ്. തീര്‍ഥക്കരയിലെ വിശിഷ്ടമായ ചെമ്പടമേളത്തിന്റെ പ്രതിധ്വനി സംഗമപുരിയിലെ ഉത്സവാരവങ്ങള്ക്കുമീതെ ഒരു പ്രകമ്പനമായി ഉയരുന്നു. തീര്‍ഥക്കരയില്‍ ഒരു വൃത്താകൃതി കൈവരിച്ചാണ് ഇവര്‍ ചെമ്പട കൊട്ടുന്നത്. വൃത്താകൃതിയില്‍ പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീട് കിഴക്കേ നടപ്പുരയില്‍ വന്ന് കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകുന്നു.
കൂടല്‍മാണിക്യം ക്ഷേത്രോത്സവം രൂപകല്പന ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന കൊച്ചിരാജാവ് ശക്തന്തമ്പുരാന് ചെമ്പടമേളം കാണുവാനും കേള്‍ക്കുവാനും വലിയ തമ്പുരാന് കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത് നില്ക്കാറുള്ളതായും പറയപ്പെടുന്നു. വിശാലമായ തീര്‍ഥക്കുളത്തിന്റെ തൊട്ടടുത്ത് നടക്കുന്നതിനാല്‍ ഈ മേളത്തിന്റെ മാധുര്യമാര്‍ന്ന പ്രതിധ്വനി ദേശത്തെവിടെയും അലയടിക്കുന്നു. തീര്‍ഥക്കര ചെമ്പട മേളകലാകാരന്മാര്ക്ക് വ്യക്തിവൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള മത്സരവേദിയായി മാറുന്നതുകൊണ്ട് ഈ കലാപ്രകടനം പലപ്പോഴും ഒരു തായമ്പകയുടെ സ്വഭാവം കൈവരിക്കുന്നു.
ഉരുട്ടുചെണ്ടയിലും വീക്കനിലും വിദഗ്ധരായ ചെണ്ട കലാകാരന്മാരുടെ വൈദഗ്ധ്യം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും തീര്‍ഥക്കര മേളത്തിനിടയിലാണ്. പടിഞ്ഞാറേ നടയില്‍ പഞ്ചാരി അവസാനിച്ചാല്‍ മേളകലാകാരന്മാരുടെ എണ്ണം കുറയുന്നതുകൊണ്ട് ഒരു വൃത്തത്തിന്റെ ഛായയില്‍ തീര്‍ഥക്കരയില്‍ നിരക്ുന്നതിനാല് ആസ്വാദകര്‍ക്ക് ആദിതാളലഹരിയില് മതിമറന്നുല്ലസിക്കുവാനും കഴിയുന്നു. തീര്‍ത്ഥക്കരയില്‍ നിന്ന് മേളം കിഴക്കേനടയില്‍ എത്തുന്നതോടെ ചെമ്പട ഉച്ചസ്ഥായിയിലാകുന്നു.
എട്ട് അക്ഷരകാലത്തിന്റെ വൈവിധ്യമാര്‍ന്ന പ്രയോഗങ്ങളോടൊപ്പം മേളാസ്വാദകരുടെ ശബ്ദഘോഷവും വേറിട്ട് കേള്‍ക്കാം. ചെമ്പടമേളം കൊട്ടിക്കലാശം കിഴക്കേനടയില്‍ സംഭവിക്കുന്നതോടെ മേളത്തിന്റെ നാദപ്രപഞ്ചം പൂര്‍ത്തിയാകുന്നു. ആദിതാളമെന്ന് ശാസ്ത്രീയ സംഗീതത്തിലും ചെമ്പടയെന്ന് കേരളതാളപദ്ധതിയിലും അറിയപ്പെടുന്ന ചെമ്പടമേളം മലയാളിയെ സംബന്ധിച്ചിടത്തോളം താളത്തിന്റെ വഴികളില്‍ വളരെ പ്രാധാന്യമുള്ളതാണ്.
തിടമ്പേറ്റിയ ഗജവീരന്റെ മുന്നില്‍ ഇരുവശത്തുള്ള കുത്തുവിളക്കുകള്ക്ക് നടുവിലായി വൃത്തത്തില്‍ നിലയുറപ്പിച്ച് കൊട്ടുന്ന ചെമ്പട കലാകാരന്റെ സാധകമികവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. സ്വര്ണനെറ്റിപട്ടങ്ങളും വെള്ളി ചമയങ്ങളുമണിഞ്ഞ 17 ഗജവീരന്മാര് തീര്ഥക്കരയിലൂടെ വരിവരിയായി കിഴക്കേ നടയിലേക്ക് എഴുന്നള്ളിക്കുന്ന രംഗം കലാസ്വാദകരുടെ കണ്ണിന് ആനന്ദം പകരുന്ന കാഴ്ചയാണ്. ശിവേലിക്ക് തോട്ടുച്ചാലില് ബോലോനാഥ് തിടമ്പേറ്റി. കലാമണ്ഡലം ശിവദാസ് ആയിരുന്നു മേളപ്രമാണി.
ആറാം ഉത്സവം, കൂടല്‍മാണിക്യത്തില്‍ ഇന്ന്
(സ്പെഷ്യല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.15 വരെ തിരുവാതിരക്കളി, 4.20 മുതല്‍ 4.40 വരെ അനാമിക രാംപറമ്പിലിന്റെ ഭരതനാട്യം, 4.45 മുതല്‍ 5.25 വരെ ഇരിങ്ങാലക്കുട മുദ്രാലയ നൃത്തവിദ്യാലയം ശാരിക അദിത്യന്റെ നൃത്താവതരണം, 5.30 മുതല്‍ 6.10 വരെ പൈങ്ങോട് സ്വരപൂജ നൃത്തസംഗീത പഠനകേന്ദ്രത്തിന്റെ സംഗീതാര്‍ച്ചന, 6.15 മുതല്‍ 7.10 വരെ ചെറുതുരുത്തി രസ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ആര്‍ട്സിന്റെ കുച്ചുപ്പുടി, 7.15 മുതല്‍ 8.10 വരെ നാട്യാഞ്ജലി നൃത്തവിദ്യാലയം ആര്‍എല്‍വി മിഷ ബിനീഷിന്റെ നാട്യകച്ചേരി, 8.15 മുതല്‍ നടവരമ്പ് കൈരളി നൃത്തവിദ്യാലയത്തിന്റെ ശാസ്്രീയനൃത്തം, 8.50 മുതല്‍ 10 വരെ ഗുരുവായൂര്‍ സ്റ്റാര്‍ മ്യൂസിക് നൈറ്റ് സുരേഷ് ശങ്കറിന്റെ ഭക്തിഗാനമേള.
(സംഗമം വേദിയില്‍)
രാവിലെ 8.30മുതല്‍ ശീവേലിക്കും രാത്രി 9.30 മുതല്‍ വിളക്കിനും പെരുവനം സതീശന് മാരാര്‍ പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 2.55 വരെ തിരുവാതിരക്കളി, മൂന്ന് മുതല്‍ 4.10 വരെ ഇരിങ്ങാലക്കുട കലാമണ്ഡലം നാരായണന് എമ്പ്രാന്തിരിയും സംഘവും അവതരിപ്പിക്കുന്ന കഥകളി സംഗീതാര്‍ച്ചന, 4.15 മുതല്‍ 5.10 വരെ ഭരത് ശ്രീകുമാര്‍ മേനോന്റെ വയലിന് കച്ചേരി, 5.15 മുതല്‍ 5.55 വരെ ഡോ. അശ്വിനി നമ്പ്യാരിന്റെ കുച്ചിപ്പുടി, ആറ് മുതല്‍ 6.25 വരെ തൃപ്രയാര്‍ ശ്രീരഞ്ജിനിയുടെ ശാസ്ത്രീയസംഗീതം, 6.30 മുതല്‍ 7.25 വരെ നാഥ് നൃത്തവിദ്യാലയം കലാക്ഷേത്ര അമല്‍നാഥിന്റെ ഭരതനാട്യം, 7.30 മുതല്‍ 8.25 വരെ ആര്‍എല്‍വി ഡോ. ശാലിനി ഹരികുമാറിന്റെ മോഹിനിയാട്ടം, 8.30 മുതല്‍ 10 വരെ ഡോ. ശ്രീദേവ് രാജഗോപാലിന്റെ സംഗീതകച്ചേരി, രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രത്തിന്റെ കഥകളി മാര്‍ക്കണ്ഡേയ ചരിതം, ദക്ഷയാഗം.