കൂടല്‍മാണിക്യം ക്ഷേത്രോത്സവം: മാതൃക്കല്‍ ബലിദര്ശനത്തിന് വന്‍ ഭക്തജനത്തിരക്ക്

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന മാതൃക്കല്‍ ബലി.
ഇരിങ്ങാലക്കുട: അത്യപൂര്‍വമായ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും കൂടല്‍മാണിക്യം ഉത്സവത്തിന്റെ പ്രത്യേകതയാണ്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള താന്ത്രികചടങ്ങുകളില്‍ പ്രധാനപ്പെട്ട ശ്രീഭൂതബലിയുടെ മാതൃക്കല്‍ ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്. രാവിലെ ശീവേലിക്കും വൈകീട്ട് വിളക്ക് എഴുന്നള്ളിപ്പിനുമായി ഭഗവാന്റെ തിടമ്പ് പുറത്തേക്കെഴുന്നള്ളിക്കുമ്പോഴാണ് മാതൃക്കല്‍ബലി ദര്‍ശന ചടങ്ങ് നടക്കുക. മറ്റ് ക്ഷേത്രങ്ങളില്‍ മാതൃക്കല്‍ ബലിക്ക് ഭക്തജനങ്ങളെ തൊഴാന്‍ അനുവദിക്കാറില്ല. എന്നാല്‍, ഇവിടെ മാതൃക്കല്‍ബലി തൊഴുന്നത് പരമ പുണ്യമാണെന്നാണ് സങ്കല്‍പ്പം. ദേവന് ആദ്യമായി ശ്രീകോവിലില്‍നിന്ന് പുറത്തിറങ്ങുന്ന കൊടിപ്പുറത്ത് വിളക്കിനാണ് ആദ്യ മാതൃക്കല്‍ബലി.
പകല്‍ ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും ദേവനെ ആവാഹിച്ച് എഴുന്നള്ളിക്കുന്ന സമ്പ്രദായം കൂടല്‍മാണിക്യത്തിലെ അത്യപൂര്‍വ സവിശേഷതയാണ്. തനി സ്വര്‍ണത്തിലും വെള്ളിയിലും ഉള്ള നെറ്റിപ്പട്ടങ്ങളും ശാന്തി ശുദ്ധി സംരക്ഷിക്കാനായി തിടമ്പ് എഴുന്നള്ളിക്കുന്ന ആനയുടെ ഇരുഭാഗത്തും ഉള്ളാനകളെ നിര്‍ത്തുന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. മാതൃക്കല്‍ ബലിദര്ശനത്തിന് മഹാക്ഷേത്രങ്ങളില്‍ നടത്തുന്ന ഉത്സവബലികളുമായി സാമ്യമുണ്ട്. പീഠത്തില്‍ ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചുവയ്ക്കും.
തുടര്‍ന്ന് തന്ത്രി ദേവാജ്ഞയനുസരിച്ച് മാതൃക്കളായ ബ്രാഹ്മണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ സപ്തമാതൃക്കള്‍, മാതൃക്കള്‍, ലോക മാതൃക്കള്‍, സര്‍വ മാതൃക്കള്‍, സര്വമാതൃഗണങ്ങള് എന്നിവരെയും ലോകത്തിലെ എല്ലാ ദിക്കുകളിലും വ്യാപിച്ചു കിടക്കുന്നവരും ഭൂമി, അന്തരീക്ഷം, ആകാശം (സ്വര്‍ഗം) എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നവരുമായ എല്ലാ രൂപത്തിലുമുള്ള മാതൃക്കളുടെ ഗണങ്ങളെയും സമൂഹമായും പ്രത്യേകമായും സംഗമേശന്റെ ആജ്ഞയാല്‍ ആഹ്വാനം ചെയ്ത് ക്ഷണിച്ചുവരുത്തി മന്ത്രപുരസരം അതിവിശിഷ്ടമായ ഹവിസും മറ്റും നല്കുന്നു. ഇപ്രകാരം സൗമ്യരും സുപ്രസന്നരുമായി ഭവിക്കുന്ന മാതൃക്കളെ ലോകനന്മയ്ക്കായി പ്രാര്‍ത്ഥിച്ച് നമസ്കരിക്കും.
ശ്രീസംഗമേശന് തന്നെ നേരിട്ട് എഴുന്നള്ളിയിരുന്ന് ഈ ബലി നടത്തിക്കുന്നുവെന്നാണ് സങ്കല്‍പ്പം. ഈ സമയത്ത് ചെണ്ട, തിമില, കൊമ്പ്, കുഴല്‍ എന്നിവ ചേര്‍ന്നുള്ള വാദ്യം ഒരു പ്രത്യേക പവിത്രാന്തരീക്ഷമാണ സൃഷ്ടിക്കുക. ദേവന്റെയും എല്ലാ മാതൃക്കളുടെയും സംഗമസമയമാകയാല്‍ ആ സന്ദര്‍ഭത്തിലെ ദര്‍ശനം പാപഹരം കൂടിയാണെന്നാണ് വിശ്വാസം. അതുകൊ ണ്ടുതന്നെ ഈ ദര്‍ശനത്തിനായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് വാതില്‍മാടത്തില്‍ ദേവീ സങ്കല്പത്തില് ബലിതൂകി പുറത്തേക്കെഴുന്നള്ളിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും നിത്യശീവേലിക്ക് തിടമ്പ് പുറത്തേക്കെഴുന്നള്ളിക്കുമെങ്കിലും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവകാലത്തുമാത്രമേ ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കാറുള്ളൂ. അതുകൊണ്ടാണ് ഇവിടെ മാതൃക്കല്‍ ദര്‍ശനത്തിന് ഇത്രയും പ്രാധാന്യം.