ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് പ്രഥമ നാഷണല്‍ പാരാ മാസ്റ്റേഴ്സ് ഗെയിംസില്‍ സ്വര്‍ണം നേടി വിജീഷ്
കോഴിക്കോട് നടന്ന പ്രഥമ നാഷണല്‍ പാരാ മാസ്റ്റേഴ്സ് ഗെയിംസില്‍ ഓട്ട മത്സരത്തിലാണ് വിജീഷ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്
ഇരിങ്ങാലക്കുട: ശാരീരിക വൈകല്യങ്ങളൈ തോല്പിക്കുന്ന വിജയമാണ് വിജീഷ് നേടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പാരാമാസ്റ്റേഴ്സ് നാഷണല്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരിക്കുകയാണ് ഈ യുവാവ്. ജന്മനായുള്ള അംഗവൈകല്യങ്ങളെല്ലാം മറികടന്നുകൊണ്ട് ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് വിജീഷെന്ന ഈ യുവാവ്. 2022 മെയ് മാസത്തില്‍ ജപ്പാനില്‍ നടക്കുന്ന വേള്‍ഡ് പാരാമാസ്റ്റേഴ്സ് ഗെയിംസില്‍ പങ്കെടുക്കാനുള്ള അര്‍ഹതയും കരസ്ഥമായി ഈ 31 കാരന്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദേശീയ പാരാമാസ്റ്റേഴ്സ് ഗെയിംസ് നടന്നത്. പെരിഞ്ഞനം ആറാട്ട് കടവ് എരുമതുരുത്തി വത്സന്-ഷീജ ദമ്പതിമാരുടെ മകനും ഇരിങ്ങാലക്കുട നഗരസഭ പൊതുഭരണവിഭാഗത്തില്‍ ഓഫീസ് അറ്റന്‍ഡറുമായ വിജീഷാണ് നൂറ്, ഇരുനൂറ്, മീറ്റര്‍ ഓട്ടങ്ങളില്‍ സ്വര്‍ണം നേടിയത്. 30 നു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് വിജീഷ് ഒന്നാം സ്ഥാനം നേടിയത്. നേരത്തെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ വിജീഷ് ജില്ലാ ക്രിക്കറ്റ് ടീം അംഗമാണ്. നിശ്ചിതപോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയതാണ് വിജീഷിനെ അന്തര്‍ദേശീയ ഗെയിംസില്‍ മത്സരിക്കാന്‍ അര്‍ഹനാക്കിയത്. ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ഡ് സ്പോര്‍ട്സ് അസോസിയേഷന് കേരളയുടെ കീഴില്‍ 2019 മുതല്‍ വിവിധ മത്സരവിഭാഗങ്ങളില്‍ സംസ്ഥാന ജില്ലാതലങ്ങളില്‍ നിരവധി നേട്ടങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ് വിജീഷ്.
ജനിച്ച് രണ്ടുമാസം തികയും മുമ്പേയാണ് വിജീഷിന് സെറിബ്രല്‍ പാഴ്സി എന്ന അസുഖം ബാധിച്ചത്. വര്‍ഷങ്ങളോളം നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ശരീരത്തിന് ചലനശേഷി തിരിച്ചുകിട്ടിയെങ്കിലും ഇരുകൈകള്‍ക്കും ഇപ്പോഴും സ്വാധീനക്കുറവുണ്ട്. വ്യക്തമായി സംസാരിക്കാനും കഴിയില്ല. പക്ഷേ വിധിക്കു മുന്നില്‍ വിജീഷ് തളര്‍ന്നില്ല. വലപ്പാട് ശ്രീരാമ ഗവണ്മെന്റ് പോളെിടെക്നികില് നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമയില്‍ ഉന്നതവിജയം നേടിയിട്ടുണ്ട്. വിജീഷിന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളായ വീണാലക്ഷ്മി, പ്രജീഷ്, മജസ്റ്റിക് ക്ലബ് അംഗങ്ങള്‍, മുനിസിപ്പാലിറ്റിയിലെ ജീവനക്കാര്‍ എന്നിവരുടെ നിര്‍ലോഭമായ പിന്തുണയും പ്രോത്സാഹനവുമാണ് വിജീഷിനെ മുന്നോട്ട് നയിക്കുന്നത്. ശാരീരിക വൈകല്യമുള്ളവരുടെ സ്പോര്‍ട്സ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യമായ രണ്ടുലക്ഷം രൂപ കണ്ടെത്താനുള്ള ബുദ്ധിമുട്ടിലാണ് വിജീഷിപ്പോള്.