ആശുപത്രികള്‍ക്കായി റിമോട്ട് നിയന്ത്രിത റോബോട്ട് വികസിപ്പിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും അമല മെഡിക്കല്‍ കോളജും
ഇരിങ്ങാലക്കുട: പകര്‍ച്ചവ്യാധി ഭീഷണിയുള്ള ഐസലേഷന്‍ വാര്‍ഡുകളില്‍ ഉപയോഗിക്കാനായി റിമോട്ട് നിയന്ത്രിത റോബോട്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് മെക്കാനിക്കല്‍ വിഭാഗവും തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിഭാഗവും സംയുക്തമായാണ് ആരോഗ്യ മിത്ര എന്നു പേരിട്ടിരിക്കുന്ന ഈ റോബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രോഗികള്‍ക്ക് സമയാസമയങ്ങളില്‍ മരുന്നുകള്‍ എത്തിക്കാനും, അവരുടെ ആരോഗ്യ നിരീക്ഷണത്തിനും ഇത് ഉപയോഗിക്കാം. കോവിഡ്, നിപ്പ പോലുള്ള പകര്‍ച്ച വ്യാധികള്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അപകട സാധ്യത കുറയ്ക്കാന്‍ ഈ റോബോട്ട് സഹായിക്കും. ഇതിന്റെ ഒട്ടോണമസ് പതിപ്പ് വികസിപ്പിച്ച് ടെക്നോളജി ട്രാന്‍സ്ഫര്‍ വഴി കമ്പനികളുമായി സഹകരിച്ച് ഉല്പന്നം വിപണിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറക്കാര്‍. ക്രൈസ്റ്റ് സെന്‍ഡര്‍ ഫോര്‍ ഇന്നവേഷന്‍ ഡയറക്ടര്‍ സുനില്‍ പോള്‍ നേതൃത്വം നല്കിയ പ്രോജക്ടില്‍, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. എം.ടി. സിജോ, അമല നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജി രഘുനാഥ്, ഐക്യുഎസി കോര്‍ഡിനേറ്റര്‍ പ്രഫ. ജി. ലക്ഷ്മി, ഇന്നവേഷന്‍ സെല്‍ ഇന്‍ചാര്‍ജ് റിനു ഡേവിസ് എന്നീ അധ്യാപകരും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ കെ.എച്ച്. ജോണ്‍, ഡെറിക് ഡേവിസ്, കെ.എസ്. ദേവിദത്ത്, കൃഷ്ണജിത്ത് എസ്. നായര്‍, ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളായ ആല്വിന് തോമസ്, എല്‍ദോസ് റജി, ആശംസ് റോയി എന്നിവരും പങ്കാളികളായി. റോബോട്ട് സഹായത്തോടെയുള്ള രോഗീപരിചരണത്തില്‍ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും ആരോഗ്യ മിത്ര ഉപകരിക്കും.