എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രഥമ സംസ്ഥാനതല സംഗമം ഇന്ന് ഇരിങ്ങാലക്കുടയില്‍
ഭവന രഹിതരായ ആയിരം കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം വീടുകള്‍ നിര്‍മ്മിച്ച് നല്കാന് പദ്ധതിയെന്ന് സംഘാടകര്‍
ഇരിങ്ങാലക്കുട: നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രഥമ സംസ്ഥാനതലസംഗമത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. 25 സെല്ലുകളിലായി പ്രവര്‍ത്തിക്കുന്ന നാലായിരത്തോളം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ ഇന്ന് സെന്റ് ജോസഫ്സ് കോളജില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കുമെന്ന് എന്‍എസ്എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലസി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ നടക്കുന്ന സംഗമം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രവര്‍ത്തനങ്ങളെ സംസ്ഥാന തലത്തില്‍ എകോപിപ്പിക്കാനും വിദ്യാലയ ജീവിതത്തില്‍ നിന്നും പൊതുസമൂഹത്തിലേക്ക് എന്‍എസ്എസ് വോളണ്ടിയര്‍മാരെ നേരിട്ട് ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാര്‍ഗരേഖ തയ്യാറാക്കാനുമായിട്ടാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. എന്‍എസ്എസ് യൂണിറ്റുകളുടെ നേത്യത്വത്തില്‍ ഭവന രഹിത കുടുംബങ്ങള്‍ക്കായി ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് ഈ അക്കാദമിക് വര്‍ഷത്തില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. സാമൂഹ്യനീതി വകുപ്പിന്റെ നേത്യത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളിലും സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റാനുള്ള കര്‍മ്മ പരിപാടിയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. നാഷണല്‍ ട്രെയ്നര്‍ ബ്രഹ്മനായകം മഹാദേവന്, ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ഡോ. സിനി വര്‍ഗീസ്, അമൃത തോമസ്, എം.വി. പ്രതീഷ്, ഒ.എസ്. ശ്രീജിത്ത്, എ.എ. തോമസ് മാസ്റ്റര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.