കോന്തിപുലം കോള്‍ നിലങ്ങളില്‍ ദീര്‍ഘദൂര ദേശാടനപക്ഷികളുള്പ്പടെ 74 ഇനം പക്ഷികളെ കണ്ടെത്തി
ഇരിങ്ങാലക്കുട: കോന്തിപുലം കോള്‍ നിലങ്ങളില്‍ ദീര്‍ഘദൂര ദേശാടനപക്ഷികളുള്പ്പടെ 74 ഇനം പക്ഷികളെ കണ്ടെത്തി. സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പക്ഷിനിരീക്ഷണ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പക്ഷിനിരീക്ഷണത്തിലും സര്‍വേയിലുമാണ് ഇത്തരം പക്ഷികളെ കണ്ടെത്തിയത്.
ബേര്‍ഡേര്‍സ് സാന്‍സ് ബോര്‍ഡര്‍സ് (ബിഎസ്ബി) പ്രസിഡന്റ് റാഫി കല്ലേറ്റുംകരയുടെ നേതൃത്വത്തില്‍ പക്ഷിനിരീക്ഷകരായ മിനി തെറ്റയില്‍, ലാലു പി. ജോയ്, ചിഞ്ചു, അരുണ്‍, നിധീഷ് എന്നിവരും സെന്റ് ജോസഫ്സ് കോളജ് ജന്തുശാസ്ത്ര വിഭാഗത്തിലെയും ജൈവവൈവിധ്യ ക്ലബിലേയും അംഗങ്ങളായ വിദ്യാര്‍ഥികളും, അധ്യാപകരായ ഡോ. വിദ്യ, ഡോ. ജിജി, ജിതിന്, അശ്വനി, അഖില എന്നിവരും അടങ്ങുന്ന 40 അംഗസംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്.
ബ്ലൂ ത്രോട്ട്, സൈബരിയന്‍ സ്റ്റോണ്‍ചാറ്റ്, പെസിഫിക് ഗോള്‍ഡന്‍ പ്ലോവര്‍, ഗ്രേറ്റര്‍ സ്പോട്ടഡ് ഈഗിള്‍, ലിറ്റില്‍ റിംഗ്ഡ് പ്ലോവര്‍, ബൂട്ടഡ് വാര്‍ബ്ലര്‍, പിൻറ്റൈല് സ്നിപ്പ് എന്നിവയാണ് സര്‍വേയില്‍ കണ്ടെത്തിയ പ്രധാന ദീര്‍ഘദൂര ദേശാടന പക്ഷികള്‍. കാലാവസ്ഥാ മാറ്റമുള്‍പ്പടെ പക്ഷികള്‍ നേരിടുന്ന ഭീഷണികള്‍ പക്ഷിനിരീക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ചര്‍ച്ചയും നടത്തി.