റേസിങ്ങ് കാറുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: അഖിലേന്ത്യാ പ്രീമിയര്‍ മത്സരത്തിനായി സ്വന്തമായി കാര്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥികളാണ് ഗോകാര്‍ട്ട് എന്ന പേരില്‍ കാര്‍ നിര്‍മിച്ച് കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് റേസില്‍ പങ്കെടുത്തത്. യമഹ എഫ് ഇസഡ് എന്‍ജിനുപയോഗിച്ച് നിര്‍മിച്ച എഫ് വണ്‍ റേസിങ് കാറിന്റെ ചെറുപതിപ്പായ വണ്ടിക്ക് 60 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനാകും.
2023 മേയില്‍ ഹൈദരാബാദിലെ എഫ്എംഎഇ പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിനുപോയ വിദ്യാര്‍ഥികളാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവിടെ രൂപകല്പനാരംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്സ് (എഫ്എംഎഇ) എല്ലാ വര്‍ഷവും നടത്തിവരുന്ന ഫോര്‍മുല കാര്‍ട്ട് ഡിസൈന്‍ ചാലഞ്ചിനെപ്പറ്റി അറിഞ്ഞ വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനുള്ളില്‍ നിബന്ധനകള്‍ പാലിക്കുന്ന ഒരു വാഹനം നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. അസോസിയേറ്റ് പ്രഫസര്‍ ഡോ. വിശ്വനാഥ് കെ. കൈമള്‍ പൂര്‍ണപിന്തുണ നല്‍കിയതോടെ വിദ്യാര്‍ഥികള്‍ പണി തുടങ്ങി. ഭാഗികമായ സഹായധനവും ലാബ് സൗകര്യങ്ങളും ആവശ്യമായ ഡ്യൂട്ടി ലീവുകളും നല്കി കോളജ് പ്രോത്സാഹനം നല്കി.
എഫ്എംഎഇ നിഷ്കര്‍ഷിക്കുന്ന രീതിയിലുള്ള ഡിസൈന്‍ തയാറാക്കി ട്രാന്സ്മിഷന്, സ്റ്റിയറിങ്, ബ്രേക്കിങ് എന്നിങ്ങനെ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു ജോലി. ഡിസൈനിന് അംഗീകാരം ലഭിച്ചതോടെ ഷാസി നിര്‍മാണത്തിലേക്ക് കടന്നു. എന്നാല്‍ പിന്നീടുള്ള ഘട്ടങ്ങള്‍ക്കായി ഓര്‍ഡര്‍ ചെയ്ത സാമഗ്രികള്‍ ലഭിക്കാന്‍ വൈകിയത് ജോലിക്ക് തടസമായി. ഈ സമയം വെറുതെയിരിക്കാതെ ഹൈദരാബാദില്‍നിന്ന് ഗോകാര്‍ട്ട് ഡ്രൈവര്‍ സര്ട്ടിഫിക്കേഷന് നേടാനും കോയമ്പത്തൂരില്‍നിന്ന് അനുയോജ്യമായ എന്ജിന് എത്തിക്കാനും സാധിച്ചു.
ഓര്‍ഡര്‍ ചെയ്ത സാമഗ്രികളെല്ലാം എത്തിയതോടെ രണ്ടാഴ്ച രാവും പകലും ലാബിലും വര്‍ക്ക്ഷോപ്പിലുമായി 20 വിദ്യാര്‍ഥികള്‍ കഠിനാധ്വാനം ചെയ്ത് ഗോകാര്‍ട്ട് അന്തിമ രൂപത്തിലെത്തിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന 14ല്‍ എത്താനും ഗോകാര്ട്ടിനായി. ഈ വര്‍ഷം കാര്‍ട്ട് ഡിസൈന്‍ മത്സരത്തില്‍ പുതിയ മോഡലില്‍ ഉശിരന്‍ വണ്ടിയിറക്കി മോട്ടോര്‍ സ്പീഡ് മത്സരത്തില്‍ വിജയിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.