ഇന്ത്യാ ടുഡേ റാങ്കിംഗില്‍ ദേശീയതലത്തില്‍ വീണ്ടും നേട്ടങ്ങള്‍ തീര്‍ത്ത് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട: അറുപതാണ്ടുകളായി അക്കാദമിക അനക്കാദിമിക രംഗത്ത് മികവു പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് തുടര്‍ച്ചയായി ഈ അധ്യയനവര്‍ഷവും ഇന്ത്യാ ടുഡേ റാങ്കിംഗില്‍ ദേശീയ തലത്തില്‍ മികവുറ്റ നേട്ടം കരസ്ഥമാക്കിയിരിക്കുന്നു. രാജ്യത്തെ മികച്ച നൂറു കോളജുകളില്‍ വകുപ്പുതലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത്. മൂല്യാധിഷ്ഠിതമായ ധനവിനിമയത്തിന് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ദേശീയതലത്തില്‍ എട്ടാംറാങ്ക് നേടി. മാത്രമല്ല ഡിപ്പാര്‍ട്മെന്റ് തലത്തില്‍ സംസ്ഥാനത്തില്‍ നാലാം റാങ്കിനും അര്‍ഹമായി. മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ദേശീയ തലത്തില്‍ 49 ഉം സംസ്ഥാനതലത്തില്‍ നാലാം റാങ്കും കരസ്ഥമാക്കി.
ദേശീയതലത്തില്‍ 150-ാം റാങ്ക് നേടിയ ബിബിഎ ഡിപ്പാര്‍ട്മെന്റ് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്തിന്റെ തിളക്കം നേടിയെടുത്തിട്ടുണ്ട്. മികവുറ്റ പ്രകടനത്തോടെ ബിസിഎ ഡിപ്പാര്‍ട്ട്മെന്റ് ഈ വര്‍ഷവും സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക് നിലനിര്‍ത്തി. സംസ്ഥാന തലത്തില്‍ നാല്, അഞ്ച്, ആറ് റാങ്കുകളാണ് യഥാക്രമം കോളജിലെ മുഴുവന്‍ കൊമേഴ്സ്, ആര്‍ട്സ്, സയന്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ കരസ്ഥമാക്കിയത്. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന് ദേശീയതലത്തില്‍ 52 ഉം സംസ്ഥാന തലത്തില്‍ ആറാം റാങ്കുമുണ്ട്. എല്ലാ ആര്‍ട്സ് ഡിപ്പാര്‍ട്ടുമെന്റുകളും ഒന്നിച്ച്, ദേശീയ തലത്തില്‍ 92-ാം സ്ഥാനത്താണ്. സയന്‍സ് ഡിപ്പാര്‍ട്മെന്റുകള്‍ 126-ാം സ്ഥാനത്തും എത്തിയിട്ടുണ്ട്. നേട്ടങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അനുമോദിച്ചു.