മധുരം ജീവിതം; ലഹരിവിരുദ്ധ ഓണാഘോഷം ഇരിങ്ങാലക്കുട രാസലഹരിക്കെതിരായി വലിയ പ്രതിരോധം സൃഷ്ടിക്കുന്നു: മന്ത്രി ആര്. ബിന്ദു

മധുരം ജീവിതം ലഹരിവിരുദ്ധ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കളി മത്സരം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: മണ്ഡലത്തില്‍ രാസലഹരിക്കെതിരായി വലിയ പ്രതിരോധം സൃഷ്ടിക്കുകയാണെന്ന് മന്ത്രി ആര്. ബിന്ദു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന മധുരം ജീവിതം ലഹരിവിരുദ്ധ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കളി മത്സരം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. യുവജനങ്ങളെ കൂടുതലായി കലാ,കായിക വേദികളിലേക്കും വായനശാലകളിലേക്കും ആകര്‍ഷിക്കുക എന്നതാണ് മധുരം ജീവിതം എന്ന മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പരിപാടിയുടെ ലക്ഷ്യം. സാഹിത്യ മത്സരങ്ങള്‍, നാടന്‍പാട്ട്, ഓണക്കളി എന്നിവയാണ് രണ്ടുദിവസമായി അരങ്ങേറിയത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ വിദ്യഭ്യാസസ്ഥാപനങ്ങള്‍, ക്ലബുകള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ മത്സരങ്ങളില്പങ്കെടുത്തു.
ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന നാടന്‍പാട്ട് മത്സരം ഫോക്ക്ലോര്‍ അക്കാദമി ജേതാവ് ഗിരീഷ് മുരിയാട് ഉദ്ഘാടനംചെയ്തു. നാടന്‍പാട്ട് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കതിരോല ഇരിങ്ങാലക്കുട ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. കാട്ടൂര്‍ എഗറ് കലാസംഘം രണ്ടാംസ്ഥാനവും വെട്ടം ഫോക്ലോര് ബാന്‍ഡ്, ഇരിങ്ങാലക്കുട മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തില്‍ സമയ ജൂണിയര്‍ പ്രത്യേക പുരസ്കാരം കരസ്ഥമാക്കി. വിജയികള്‍ക്ക് മന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പൊറത്തിശേരി കണ്ടാരംതറ മൈതാനത്ത് പതിനെട്ട് ടീമുകള്‍ ഓണക്കളി മത്സരത്തില്‍ പങ്കെടുത്തു.