ഇരമ്പിയെത്തിയ പുലികള്‍ ആടിത്തിമിര്‍ത്തു..ആരവം മുഴക്കി പുരുഷാരം…

പുലിപൂരം... ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരത്തില്‍ ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച പുലിക്കളിയില്‍ മേളത്തിനൊത്ത് ചുവടുവക്കുന്ന പുലികള്‍....
ഇരിങ്ങാലക്കുട: നഗരത്തെ വിറപ്പിക്കാനെത്തിയ പുലിക്കൂട്ടത്തിന് കാടിനോളം വൈവിധ്യം. അരമണി കുലുക്കി, അലറി വിളിച്ച്, താളം ചവട്ടിയെത്തിയത് വരയന്‍പുലി, പുള്ളിപുലി, കരിമ്പുലി….അങ്ങിനെ വിവിധ പുലികള്‍ കൂട്ടമായി ഇന്നലെ വൈകീട്ട് ഇരിങ്ങാലക്കുട നഗരത്തിലിറങ്ങി. കൗതുകമുണര്‍ത്തി പെണ്‍പുലികളും അണിനിരന്നത് പുലികളിക്ക് ചാരുത പകര്‍ന്നു. ചെണ്ടയില്‍ വാദ്യ കലാകാരന്മാര് പുലുത്താളവുമായി കൊട്ടികയറിയപ്പോള്‍ ജനം ആവേശനെറുകയിലെത്തി.

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിലായിരുന്നു പുലിക്കളി ആഘോഷം. ഉച്ചതിരിഞ്ഞ് 2.30 ന് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച പുലിക്കളി ആഘോഷ ഘോഷയാത്ര നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, പ്രവാസി വ്യവസായി സിന്‍സന്‍ ഫ്രാന്‍സീസ് തെക്കേത്തല, ഭാസി രാജ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
പുലികളും, പുലിമേളവും, ശിങ്കാരിമേളവും, കാവടികളും, ചിന്ത് കാവടികളും അടക്കം 300 ല്‍പരം കലാകാരന്മാര് അണി നിരന്ന വര്‍ണ്ണാഭമായ പുലിക്കളി ആഘോഷ ഘോഷയാത്ര ബസ് സ്റ്റാന്റ്, മെയിന്‍ റോഡ്, ഠാണാവ് വഴി വൈകിട്ട് ആറരയോടെ നഗരസഭ മൈതാനത്ത് എത്തിചേര്‍ന്നു. ഹേമന്ദിന്റെ ഡി.ജെ അടക്കം നിരവധി കലാപരിപാടികള്‍ നഗരസഭ മൈതാനത്ത് അരങ്ങേറി. പുലിക്കളി ആഘോഷ സമാപന സമ്മേളനം മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍ സ്വാഗതവും, കണ്‍വീനര്‍ സൈഗണ്‍ തയ്യില്‍ നന്ദിയും പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര് വിജയ, ബി.ജെ.പി സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജോണ്സന് കോലങ്കണ്ണി, സാമൂഹിക പ്രവര്ത്തകന് വിപിന്‍ പാറമേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
