വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഇടത്തോട്ടോ വലത്തോട്ടോ…….
ഇരിങ്ങാലക്കുട: പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിയതോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പോരാട്ടം ശക്തം. മാറിമറയുന്ന ഭരണമാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റേത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി തുണക്കുന്ന പാരമ്പര്യമാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനുള്ളത്. 1995 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും, 2000 ല്‍ യുഡിഎഫും 2005 ല്‍ എല്‍ഡിഎഫും 2010 ല്‍ യുഡിഎഫും 2015 ല്‍ എല്‍ഡിഎഫും ഭരണത്തിലേറി. വെള്ളാങ്കല്ലൂര്‍, വേളൂക്കര, പുത്തന്‍ചിറ, പൂമംഗലം, പടിയൂര്‍ എന്നീ അഞ്ചു പഞ്ചായത്തുകളാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്കില്‍ ഉള്ളത്. പൂര്‍ണമായും കാര്‍ഷിക മേഖലയാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്. കര്‍ഷകര്‍, ചെറുകിട കര്‍ഷകര്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുന്നവര്‍ ഏറെയുള്ള പ്രദേശം. കാലാവസ്ഥ വ്യതിയാനവും മറ്റു പ്രകൃതി ദുരന്തങ്ങളും നേരിട്ടു ബാധിക്കുമെന്നതിനാല്‍ കര്‍ഷകരുടെ പ്രതീക്ഷ സര്‍ക്കാര്‍ പിന്തുണയിലാണ്. ആകെയുള്ള 13 ഡിവിഷനുകളില്‍ മൂന്നു മുന്നണികളും മത്സര രംഗത്തുണ്ട്. എല്‍ഡിഎഫില്‍ സിപിഎം ആറു സീറ്റുകളിലും സിപിഐ മൂന്നു സീറ്റുകളിലും എന്‍സിപി ഒരു സീറ്റിലും സിപിഎം സ്വതന്ത്രര്‍ രണ്ടു സീറ്റിലും എല്‍ഡിഎഫ് സ്വതന്ത്ര ഒരു സീറ്റിലും മത്സരിക്കുന്നു. യുഡിഎഫില്‍ 13 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. എന്‍ഡിഎയില്‍ 12 ഡിവഷനുകളില്‍ ബിജെപിയും ഒരു ഡിവിഷനില്‍ ബിഡിജെഎസും മത്സരിക്കുന്നു. പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. കനോലി കനാലിന്റെ തീരത്തു ശുദ്ധജലക്ഷാമവും ഒഴിയാത്ത വെള്ളക്കെട്ടും ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പില്‍ ഒഴിവാക്കാനാകാത്ത ചര്‍ച്ചയാണ്. ഏറെ പ്രതീക്ഷകളോടെ വെള്ളാങ്കല്ലൂരില്‍ നിര്‍മിച്ച അറവുശാല ഇപ്പോഴും പൂര്‍ത്തിയായില്ല. 1997-98 കാലഘട്ടത്തില്‍ തുടങ്ങിയ അറവുശാല വഴിയില്ലാത്തതിനാല്‍ മുടങ്ങികിടക്കുകയാണ്. മാലിന്യ സംസ്കരണത്തിലും റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും പിറകിലായതു തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണ്. വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണം നിലനിര്‍ത്താനാകുമെന്നാണു എല്‍ഡിഎഫിന്റെ പ്രതീക്ഷ. സമഗ്ര മേഖലയിലും വികസനത്തിനു തുടക്കമിട്ട യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമെന്നു സാക്ഷ്യപ്പെടുത്തുന്നു. കാര്‍ഷിക മേഖലയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കിസാന്‍ സമ്മാന്‍ നിധി, കാര്‍ഷിക വായ്പകള്‍ എന്നിവ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതി ജനങ്ങളിലേക്കു എത്തിക്കാനും വികസനത്തിനുമായി ബിജെപിയെ ചേര്‍ത്തു നിര്‍ത്തുമെന്നു ബിജെപി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരികെ പിടിക്കാന്‍ യുഡിഎഫും സീറ്റുകള്‍ നേടി നിര്‍ണായക സ്വാധീനം ഉറപ്പിക്കാന്‍ എന്‍ഡിഎയും പ്രചാരണ രംഗത്ത് സജീവമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ബ്ലോക്കില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രചാരണം. ബ്ലോക്കിനു ലഭിച്ച ഐഎസ്ഒ അംഗീകാരം, കാന്‍സര്‍ പ്രതിരോധത്തിനായി നടപ്പാക്കിയ ‘ഒപ്പം’, വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ പദ്ധതികള്‍ എന്നിവ എല്‍ഡിഎഫ് നേട്ടങ്ങളായി ചൂണ്ടിക്കാണിക്കുന്നു. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള ബ്ലോക്കില്‍ ആ വിഷയങ്ങള്‍ തന്നെയാണ് യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പ്രചാരണത്തിനു ആയുധമാക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഗുണകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നു യുഡിഎഫ് ആരോപിക്കുന്നു. കേന്ദ്രസഹായങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതില്‍ മുന്‍ ഭരണ സമിതികള്‍ പരാജയപ്പെട്ടതായാണു എന്‍ഡിഎ ആരോപണം.