കൂടല്‍മാണിക്യം ദേവസ്വം: ചരിത്രമ്യൂസിയം ഒരുങ്ങുന്നു
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അമൂല്യ താളിയോലഗ്രന്ഥങ്ങളും ഇതരവിഷയങ്ങളിലുള്ള ശാസ്ത്രഗ്രന്ഥങ്ങളും പുരാവസ്തു രേഖകളും ശേഖരങ്ങളും അടങ്ങുന്ന ചരിത്രമ്യൂസിയം ആരംഭിക്കാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അമൂല്യമായ താളിയോലകളടക്കമുള്ള ഗ്രന്ഥങ്ങളുള്ളത് കൂടല്മാണിക്യത്തിലാണ്. ഇവ കാലങ്ങളായി ആരും എത്തിനോക്കാനില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. കൈമകള്‍ ഉപയോഗിച്ചിരുന്ന പല്ലക്ക്, പലപ്പോഴായി കണ്ടു കിട്ടിയ അമൂല്യവസ്തുക്കള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയാണ് മ്യൂസിയം തയാറാക്കുന്നതെന്നു ചെയര്മാന് പറഞ്ഞു. ഇവയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ദേവസ്വം മന്ത്രിമായും കമ്മീഷണറുമായും സംസാരിച്ചു. അവരെല്ലാം ഇതിനെ അനുകൂലിക്കുകയും വേണ്ട സഹായം ചെയ്യാമെന്നു ഉറപ്പ് നല്‍കുകയും ചെയ്തതായി ചെയര്മാന് കൂട്ടിച്ചേര്‍ത്തു. നശിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും ഡിജിറ്റലാക്കി മാറ്റാനാണു ഉദ്ദേശിക്കുന്നത്. പഴയ ദേവസ്വം ഓഫീസ് കെട്ടിടം മ്യൂസിയമാക്കി മാറ്റാനാണു ദേവസ്വം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. മ്യൂസിയം പൂര്‍ണസജ്ജമാക്കാന്‍ കുറേസമയം എടുക്കും. തീര്‍ഥക്കുളത്തിലെ മണിക്കിണര്‍ ശുചീകരണം നടത്തിയപ്പോള്‍ ലഭിച്ച പുരാതനമായ സാളഗ്രാമങ്ങളും വിഗ്രഹങ്ങളും നാണയങ്ങളും ദേവസ്വം സൂക്ഷിച്ചിരിക്കുകയാണ്. തന്ത്രിമാരുടെ യോഗം ചേര്‍ന്നു ഇക്കാര്യം പരിശോധിച്ച് വേണ്ടതു ചെയ്യണമെന്നാണ് ദേവസ്വം കമ്മിറ്റിയുടെ താത്പര്യമെന്നും ചെയര്മാന് പറഞ്ഞു. ഭക്തജനങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളും വസ്തുവഹകളും സാമ്പത്തിക സഹായവും പ്രതീക്ഷിക്കുവെന്നു ദേവസ്വം അധികൃതര്‍ അറിയിച്ചു.