വിഷുകൈനീട്ടമായി ലഭിച്ച തുക വാക്സിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ആറാം ക്ലാസ് വിദ്യാര്‍ഥിനി
പൊറത്തിശേരി: ഒരു സൈക്കിള്‍ വാങ്ങണമെന്ന മോഹത്തോടെ ബന്ധുക്കളും മാതാപിതാക്കളും നല്കിയ വിഷുക്കൈനീട്ടം സ്വരൂപിച്ചുണ്ടാക്കിയ 5000 രൂപ മുഖ്യമന്ത്രിയുടെ വാക്സിന് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി മാതൃകയായി. പൊറത്തിശേരി വിവണ് നഗര്‍ മണപ്പെട്ടി സുരേഷിന്റെയും നിഷയുടെയും ഇളയ മകള്‍ ശ്രീഭദ്രയാണ് സംഭാവന നല്‍കിയത്. തന്റെ കൊച്ചു സമ്പാദ്യം നിയുക്ത ഇരിങ്ങാലക്കുട എംഎല്‍എ പ്രഫ. ആര്. ബിന്ദുവിനു കൈമാറി. കോവിഡ് പ്രതിരോധത്തിനു വാക്സിന് സംസ്ഥാനങ്ങള്‍ പണംമുടക്കി വാങ്ങണമെന്ന കേന്ദ്ര തീരുമാനം അറിഞ്ഞതു മുതല്‍ സൈക്കിള്‍ വാങ്ങണമെന്ന തീരുമാനം മാറ്റി അതിനായി കരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കാന് ഈ കൊച്ചുമിടുക്കി തീരുമാനിക്കുകയായിരുന്നു. ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ജിഷ ജോബി, സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ബി. രാജു, പ്രഭാകരന് വടാശേരി, എം.ജി. സുഗുണന് എന്നിവര്‍ സന്നിഹിതരായി. ചടങ്ങില്‍ വെച്ച് ഇരിങ്ങാലക്കുട കൂത്തുപറമ്പ് ഏരശംവീട്ടില് മുഹമ്മദ് ഷാന്‍ മകള്‍ ‘റിസ്ന’ എന്ന വിദ്യാര്‍ഥിനി ചെറിയപെരുന്നാളിനു പുതിയ ഉടുപ്പ് വാങ്ങുന്നതിനായി സൂക്ഷിച്ചുവെച്ച 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നവിധിയിലേക്കു നല്‍കുന്നതിനായി തന്റെ കൈയില്‍ ഏല്പിച്ചിരുന്ന തുക ജിഷ ജോബി പ്രഫ. ആര്. ബിന്ദുവിനു കൈമാറി.