കല്പറമ്പ് വളവനങ്ങാടി റോഡ് നവീകരിക്കുന്നു: ടാറിടുന്നത് പൂമംഗലം കുടിവെള്ള പദ്ധതിക്കു പൈപ്പിടാന്‍ പൊളിച്ച രണ്ടര കിലോമീറ്റര്‍ ദൂരം
വെള്ളാങ്കല്ലൂര്‍-മതിലകം റോഡില്‍ തകര്‍ന്നു കിടന്നിരുന്ന കല്പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തകര്‍ന്നു കിടക്കുന്ന റോഡില്‍ മെറ്റലിട്ട് ഉയര്‍ത്തി നിരപ്പാക്കുന്ന പ്രവൃത്തികള്‍ നടക്കുകയാണ്. പൂമംഗലം പഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ കുഴിയെടുത്ത് തകര്‍ന്നുപോയ ഭാഗത്താണു ആദ്യഘട്ടത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ആലുവ എന്‍എച്ച് ഡിവിഷന്റെ കീഴില്‍ മലയും കടലും ബന്ധിപ്പിക്കുന്ന ചാലക്കുടി-മതിലകം ആറാട്ടുകടവ് ഹൈവേയില്‍ ഉള്‍പ്പെടുത്തിയാണു വെള്ളാങ്കല്ലൂര്‍ മുതല്‍ മതിലകം ആറാട്ടു കടവുവരെ വീതി കൂട്ടി മെക്കാഡം ടാറിടുന്നത്. ഇതില്‍ ചാലക്കുടി മുതല്‍ വെള്ളാങ്കല്ലൂര്‍ വരെ റോഡില്‍ മെക്കാഡം ടാറിടല്‍ പൂര്‍ത്തിയായി.
വെള്ളാങ്കല്ലൂര്‍ മുതല്‍ മതിലകം ആറാട്ടുകടവ് വരെ 6.4 കിലോമീറ്റര്‍ റോഡാണു അഞ്ചര മുതല്‍ ആറുമീറ്റര്‍ വരെ വീതിയില്‍ നവീകരിക്കുന്നത്. ഇതിനായി 16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണു തകര്‍ന്നു കിടക്കുന്ന കല്പറമ്പ് മുതല്‍ വളവനങ്ങാടി വരെയുള്ള രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് വീതി കൂട്ടുന്നത്. ബാക്കിയുള്ള സഥലത്തു ആവശ്യമുള്ള ഭാഗങ്ങളില്‍ വീതി കൂട്ടല്‍, റോഡിലെ കുഴികളടയ്ക്കല്‍ എന്നിവ നടത്തും. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കയ്പമംഗലം എന്നിങ്ങനെ മൂന്നു നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ഈ റോഡ് വെള്ളാങ്കല്ലൂര്‍, പൂമംഗലം, പടിയൂര്‍, മതിലകം എന്നിങ്ങനെ നാലു ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്നുണ്ട്.
2019 മാര്‍ച്ചിലാണു പൂമംഗലം പഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി വളവനങ്ങാടി മുതല്‍ കല്പറമ്പ് കോളനിയിലുള്ള വാട്ടര്‍ ടാങ്ക് വരെ മൂന്നു കിലോമീറ്ററോളം റോഡ് കുഴിച്ചത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡ് പൊളിച്ച ഭാഗത്തു മണ്ണ് താഴേയ്ക്കിരുന്ന് പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. തുടര്‍ന്നു റോഡില്‍ ഒരടിയോളം താഴ്ചയില്‍ മണ്ണ് നീക്കി കരിങ്കല്‍പ്പൊടിയും വലിയ മെറ്റലും ഇട്ട് അടച്ചു. ലോക്ക് ഡൗണ്‍ വന്നതാണു നിര്‍മാണ പ്രവൃത്തികള്‍ വൈകാന്‍ കാരണമെന്നു പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്. വിനോദ് പറഞ്ഞു. ഒരാഴ്ചയോളം മഴ മാറിനിന്നാല്‍ കല്പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗം റോഡ് ടാറിടല്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് വ്യക്തമാക്കി.