സാന്ത്വന സ്പര്‍ശം 2021 ലൂടെ അംബികയ്ക്ക് അന്തിയുറങ്ങാന്‍ ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ 2021 ഫെബ്രുവരി നാലിനു സാന്ത്വന സ്പര്‍ശം 2021 പരാതി പരിഹാര അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ച എടക്കുളം കോമ്പാത്ത് അംബികയ്ക്ക് അന്തിയുറങ്ങാന്‍ ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. നിരാലംബയായ കുമാരി അംബിക താമസിച്ചിരുന്ന മണ്ചുമര് വീട് കഴിഞ്ഞ വര്‍ഷത്തെ മഴക്കെടുതിയില്‍പ്പെട്ട് വാസയോഗ്യമല്ലാതായതോടെയാണ് അപേക്ഷ സമര്‍പ്പിച്ചത്. ജില്ലയിലെ മന്ത്രിമാര്‍ അടങ്ങുന്ന സമിതി അപേക്ഷ പരിഗണിച്ച് കാലവര്‍ഷാരംഭത്തിനു മുമ്പ് വീടൊരുക്കാന്‍ ഏറ്റവും യോജ്യമായ സഹകരണ വകുപ്പിന്റെ കെയര്‍ഹോം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ ജില്ല സഹകരണ വകുപ്പ് ദൗത്യം ഏറ്റെടുത്ത് മുകുന്ദപുരം ഓഫീസ് വഴി പൂമംഗലം സര്‍വീസ് സഹകരണ ബാങ്കിനെ ഏല്‍പ്പിച്ചു. 2021 ഫെബ്രുവരി അഞ്ചിനു മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണനും ജില്ലാ കളക്ടര്‍ എസ്. ഷാനവാസും ചേര്‍ന്ന് കല്ലിട്ട വീടിന്റെ പണി ഭൂരിഭാഗവും ഏപ്രില്‍ മാസത്തില്‍ തന്നെ പൂര്‍ത്തീകരിച്ചു. പക്ഷെ ലോക്ഡൗണ്‍ കാലത്തെ അസൗകര്യങ്ങള്‍ താക്കോല്‍ദാന ചടങ്ങ് വൈകി. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചതിനാല്‍ നിയന്ത്രണങ്ങളുടെ ഉള്ളില്‍ നിന്നുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു അംബികയുടെ ഗൃഹപ്രവേശനം നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം. ശബരിദാസന്‍, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്, പുമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥന്, സെക്രട്ടറി നമിത വി. മേനോന് എന്നിവര്‍ പങ്കെടുത്തു.