ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണില്ല, മണിക്കൂറുകള്‍ക്കകം ഫോണ്‍ നല്‍കാമെന്ന് ഉറപ്പു നല്കി എംഎല്‍എ ഹെല്‍പ്പ് ലൈന്‍
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണില്ല, എംഎല്‍എ ഹെല്‍പ്പ് ലൈനില്‍ അറിയിച്ച് മണിക്കൂറുകള്‍ക്കകം ഫോണ്‍ നല്‍കാമെന്ന ഉറപ്പു നല്കി. ഇന്നലെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നടവരമ്പ് ഗവ. ഹൈസ്കൂള്‍, എസ്എന്ബിഎല്പിഎസ്-പുല്ലൂര്‍, ഹോളി ഫാമിലി എല്‍പി സ്കൂള്‍-അവിട്ടത്തൂര്‍ എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണു ഫോണ്‍ നല്‍കിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യവകുപ്പ് മന്ത്രിയുമായ പ്രഫ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഹെല്‍പ്പ് ലൈനില്‍ അറിയിക്കുകയായിരുന്നു. കേവലം രണ്ടുമണിക്കൂറുകള്ക്കകം ക്രൈസ്റ്റ് കോളജിലെ തവനിഷ് സംഘടന, സിബിന് കൂനാക്കംപ്പിള്ളി, മണമാടത്തില്‍ ബിജു ഭാസ്ക്കര്‍ എന്നിവരാണ് മൊബൈല്‍ ഫോണുകള്‍ നല്‍കിയത്. ഇന്നലെ നടന്ന ചടങ്ങില്‍ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി പ്രഫ. ആര്. ബിന്ദു നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ജോയ് പീണിക്കപ്പറമ്പില്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഹെല്‍പ്പ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്.എല്‍. ശ്രീലാല്‍, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ മുവിഷ് മുരളി, സിബിന് കുനാക്കംപിളളി, ബിജു ഭാസ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.