ഇന്ത്യയില്‍ നിന്നും അപൂര്‍വ ഇനം കുയില്‍ കടന്നലിനെ കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്ഇആര്‍എല്‍) ഗവേഷകര്‍ ഇന്ത്യയില്‍ നിന്നും അപൂര്‍വ ഇനം കുയില്‍ കടന്നലിനെ കണ്ടെത്തി. ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷകയായ പി.ജി. അശ്വതിയും ഗവേഷണ വിഭാഗം മേധാവിയായ ഡോ. സി.ബി. ജോയിയുമാണു ‘ക്രൈസിഡിയ ഫാള്‍സ’ എന്ന കുയില്‍ കടന്നലിനെ കണ്ടെത്തിയതിനു പിന്നില്‍. ഈ വിഭാഗം കടന്നലുകളെ ആദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. ചൈന, മലേഷ്യ, ഫിലിപീന്‍സ് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. ‘ക്രൈസിഡിയ ഫാള്‍സ’ ഇനം കുയില്‍ കടന്നലുകളെ കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ കോയിത്തട്ട, പെരിയങ്ങാനം കാവുകളില്‍ നിന്നുമാണു കണ്ടെത്തിയിരിക്കുന്നത്. ഇന്‍ഡോനേഷ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അന്തര്‍ദേശീയ ശാസ്ത്ര മാസികയായ ടാപ്രോബാനിക്കയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കുയില്‍ കടന്നലുകളെപ്പറ്റി ഗവേഷണം നടത്തുന്ന ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രമാണു ക്രൈസ്റ്റ് കോളജ് ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ധനസഹായത്തോടെയാണ് ഈ പഠനം നടത്തിയത്. ഈ കുയില്‍ കടന്നലിന്റെ കണ്ടെത്തലോടു കൂടി ഇന്ത്യയില്‍ നിന്നും ഇതുവരെ 121 ഇനം കുയില്‍ കടന്നലുകളെയാണു ലഭിച്ചിട്ടുള്ളത്. അതില്‍ ഏഴ് ഇനം കടന്നലുകള്‍ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനയാണ്.