ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനു ആശ്വാസ ജയം
ഭൂരിപക്ഷം 2020 ലെ 602 ല്‍ നിന്നും 151 ആയി കുറഞ്ഞു.
ഇരിങ്ങാലക്കുട: നഗരസഭ 18-ാം വാര്‍ഡ് ചാലാംപാടം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ആശ്വാസ ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിനി ജോസ് 151 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. 1105 വോട്ടര്‍മാരില്‍ 841 പേര് വോട്ട് രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസിന്റെ മിനി ജോസിനു 487 വോട്ടും എല്‍ഡിഎഫിന്റെ അഖിന്‍രാജ് ആന്റണിക്കു 336 വോട്ടും ബിജെപി സ്ഥാനാര്‍ഥി ജോര്‍ജ് ആളൂക്കാരനു 18 വോട്ടുകളുമാണു ലഭിച്ചത്. 2020 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോസ് ചാക്കോള 602 വോട്ടുകള്‍ക്കാണു വിജയിച്ചത്. 2015 ല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണായിരുന്ന നിമ്യ ഷിജു 283 വോട്ടുകള്‍ക്കാണ് ഈ വാര്‍ഡില്‍ നിന്നും വിജയിച്ചത്. മുന്‍ കൗണ്‍സിലര്‍ ജോസ് ചാക്കോള മെയ് എട്ടിനു കോവിഡ് മൂലം മരണപ്പെട്ടതോടയൊണു ഭാര്യ മിനി ജോസ് സ്ഥാനാര്‍ഥിയായത്. എന്നാല്‍ 2020 ല്‍ ലഭിച്ച ഭൂരിപക്ഷം ലഭിക്കാത്തതും ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും കോണ്‍ഗ്രസ് ക്യാമ്പില്‍ വിജയതിളക്കത്തെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷം കുറഞ്ഞതിന്റെ കാരണങ്ങള്‍ പരിശോധിക്കുവാനാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ എല്‍ഡിഎഫ് വോട്ടുകളുടെ എണം വര്‍ധിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഖിന് രാജ് ആന്റണിക്കു 2020 ല്‍ 115 വോട്ടുകളാണു ലഭിച്ചതെങ്കില്‍ ഇത്തവണ 336 വോട്ടുകളായി വര്‍ധിച്ചു. 221 വോട്ടുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
2020 ല്‍ ബിജെപിക്കു 22 വോട്ടുകള്‍ ലഭിച്ചത് ഇത്തവണ 18 വോട്ടുകള്‍ ലഭിച്ചതോടെ നാലു വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ഡിലെ പ്രശ്നങ്ങള്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞതാണു മത്സരം കടുത്തതാകാന്‍ കാരണമായതെന്നും വോട്ടുകളുടെ എണത്തില്‍ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിച്ചതെന്നുമാണ് എല്‍ഡിഎഫിന്റെ കണക്കുക്കൂട്ടലുകള്‍. വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായതിനെ സംബന്ധിച്ച് അവലോകനം നടത്തുവാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്. ചാലാംപാടം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തിയതോടെ കൗണ്‍സിലില്‍ യുഡിഎഫിന് 17 നും എല്‍ഡിഎഫിന് 16 നും ബിജെപിക്കു എട്ടും അംഗങ്ങളാണ് ഉള്ളത്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണു യുഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്. ഫലപ്രഖ്യാപനം വന്നതോടെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി മിനിജോസിനെ ഷാള്‍ അണിയിച്ച് അനുമോദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, മണ്ഡലം ജോയിന്റ് സെക്രട്ടറി തോമസ് കോട്ടോളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍ എംആര്‍ ഷാജു. ഗീത ബിനോയ്, ചാക്കോ കുണ്ടുപറമ്പില്‍, ഡേവിസ് ഷാജു, വര്‍ഗീസ് പൊന്നാരി, ഈനാശു നെടുമ്പാക്കാരന്‍, ജോസ് മാമ്പിള്ളി, സണി മുരിങ്ങത്തുപറമ്പില്‍, ജോസ് മുണ്ടോക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.