ഇരിങ്ങാലക്കുടയില്‍ നിന്നു മുസിരിസിലേക്കു പാക്കേജുമായി കെഎസ്ആര്‍ടിസി
നെല്ലിയാമ്പതി, മലക്കപ്പാറ യാത്ര പുനരാരംഭിക്കുന്നു
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നു മുസിരിസ് ഉല്ലാസയാത്ര പാക്കേജ് ആരംഭിക്കുന്നു. മലക്കപ്പാറ, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കു പൊതു അവധി ദിവസങ്ങളില്‍ നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിനു പുറമേയാണിത്. ഇതിനുള്ള അനുമതി ലഭിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. രാവിലെ ഒമ്പതിനു പുറപ്പെട്ട് വൈകീട്ട് ആറിനു തിരിച്ചെത്തുന്ന വിധമാണു യാത്ര ഒരുക്കുന്നത്. എസി ബോട്ടിലാണു യാത്ര. പാലിയം കൊട്ടാരം, നാലുകെട്ട്, കോട്ടപ്പുറം കോട്ട എന്നിവയെല്ലാം കണ്ടു മുനയ്ക്കല്‍ ബീച്ചും കണ്ടു മടങ്ങുന്ന രീതിയിലാണു യാത്ര ഉദ്ദേശിക്കുന്നത്. യാത്ര പാക്കേജിന്റെ വിശദവിവരങ്ങളും ഉദ്ഘാടനവും അടുത്തുതന്നെ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനുപുറമെ ഇരിങ്ങാലക്കുടയില്‍ നിന്നു മൂന്നാര്‍ ട്രിപ്പും അടുത്തു തന്നെ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കെഎസ്ആര്‍ടിസി. അതേസമയം നിര്‍ത്തിവെച്ചിരുന്ന നെല്ലിയാമ്പതി, മലക്കപ്പാറ യാത്രകളാണ് ഞായറാഴ്ച പുനരാരംഭിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒക്ടോബറില്‍ മലക്കപ്പാറയിലേക്കും ഡിസംബറില്‍ നെല്ലിയാമ്പതിയിലേക്കും ഇരിങ്ങാലക്കുടയില്‍ നിന്നു സ്പെഷ്യല്‍ സര്‍വീസ് ആരംഭിച്ചത്. മലക്കപ്പാറയിലേക്കു യാത്രക്കാരുടെ തിരക്കനുസരിച്ചു രണ്ടു ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. നെല്ലിയാമ്പതി സര്‍വീസിനു തിരക്കേറിവരുന്ന സാഹചര്യത്തില്‍ രണ്ടാമതൊരു വണ്ടി ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. നെല്ലിയാമ്പതി, മലക്കപ്പാറ ട്രിപ്പുകളുടെ വിജയമാണു കൂടുതല്‍ വിനോദസഞ്ചാര മേഖലകളിലേക്കു സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്കു ധൈര്യം നല്‍കുന്നത്. ഈ രണ്ടു ട്രിപ്പുകള്‍ക്കും വലിയതോതിലാണു ബുക്കിംഗ്. ആളുകള്‍ ഗ്രൂപ്പുകളായിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. തിരുവനന്തപുരം മുതലുള്ള ആളുകള്‍ ഈ യാത്രകള്‍ക്കായി എത്തുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹില്‍ടോപ്പിലേക്ക് പോകുന്നതിന് വലിയ വണ്ടി പറ്റാത്തതിനാല്‍ 39 സീറ്റിന്റെ ചെറിയ ബസാണ് നിലവില്‍ നെല്ലിയാമ്പതിയിലേക്ക് സര്‍വീസ് നടത്തുന്നത്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകീട്ടത്തെ ചായയും സ്നാക്സും ഉള്‍പ്പെടെ ഒരാള്‍ക്ക് 680 രൂപയാണ് ചാര്‍ജ്. രാവിലെ ആറരയ്ക്ക് ഇരിങ്ങാലക്കുടയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ, പോത്തുണ്ടി വഴിയാണു നെല്ലിയാമ്പതിക്കു പോകുന്നത്. രാത്രി 8.30നു തിരിച്ചെത്തും. മലക്കപ്പാറയിലേക്കു രാവിലെ ഏഴിനാണു ബസ് പുറപ്പെടുന്നത്. വൈകീട്ട് ഏഴിനു തിരിച്ചെത്തും. 360 രൂപയാണ് ഒരാള്‍ക്കു ചാര്‍ജ്. അഞ്ചു വയസിനു മുകളിലുള്ളവര്‍ക്കു ഫുള്‍ ടിക്കറ്റ് വേണം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: 0480 2823990, 9745459385.