പൊതുകുളങ്ങളില്‍ വാട്ടര്‍ ലെവല്‍ സ്കെയില്‍ സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനമായി ഇരിങ്ങാലക്കുട നഗരസഭ
ഞവരിക്കുളത്തില്‍ ഇനി ജലനിരപ്പറിയാം
ഇരിങ്ങാലക്കുട: പൊതുകുളങ്ങളില്‍ വാട്ടര്‍ ലെവല്‍ സ്കെയില്‍ സ്ഥാപിക്കുന്ന ജില്ലയില്‍ ആദ്യത്തെയും സംസ്ഥാനത്ത് രണ്ടാമത്തെയും തദ്ദേശസ്ഥാപനമായി ഇരിങ്ങാലക്കുട നഗരസഭ. നഗരസഭാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു 12ാം ഡിവിഷനിലെ ഞവരിക്കുളം പുനരുദ്ധരിച്ച് വാട്ടര്‍ ലെവല്‍ സ്കെയില്‍ സ്ഥാപിച്ചത്. ഇതിനായി 75,000 രൂപ അടങ്കല്ത്തുകയും 206 തൊഴില്‍ദിനങ്ങളും പ്രയോജനപ്പെടുത്തി. പ്രദേശത്ത് യഥാകാലമുള്ള ജലവിതാനം മനസിലാക്കുന്നതിനും വാട്ടര്‍ ബജറ്റിംഗ് തയാറാക്കുന്നതിനും വാട്ടര്‍ ലെവല്‍ സ്കെയില്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകും. ഞവരിക്കുളം പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ഡിവിഷന് കൗണ്‍സിലര്‍ മാര്ട്ടിന് ആലേങ്ങാടന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി മുഖ്യാതിഥിയായിരുന്നു. ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ വി.എല്‍. ആന്റോ പദ്ധതി വിശദീകരിച്ചു. നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സി.സി. ഷിബിന്‍, സുജാ സഞ്ജീവ് കുമാര്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷാ ജോബി, കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, പി.ടി. ജോര്‍ജ്, സന്തോഷ് ബോബന്, അല്‍ഫോണ്‍സ തോമസ്, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ ടി.എസ്. സിജിന്‍ എന്നിവര്‍ നേതൃത്വം നല്കി.