സെന്റ് ജോസഫ്സ് കോളജില്‍ സിന്തറ്റിക് കോര്‍ട്ട് ഉദ്ഘാടനം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജില്‍ പുതിയതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഓപ്പണ്‍ ജിം, ബാസ്കറ്റ് ബോള്‍/ ടെന്നീസ് സിന്തറ്റിക് കോര്‍ട്ട്, സാഹസിക പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനം നടന്നു. ഓപ്പണ്‍ ജിം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ ശാക്തീകരണത്തിന്റെ പ്രധാന ഉപാധിയാണ് കായിക മേഖലയിലെ ഇടപെടല്‍ എന്നും വ്യക്തിത്വ വികസനത്തിന് ഏറ്റവും അനിവാര്യം കായിക ശേഷിയാണെന്നും മന്ത്രി പ്രസ്താവിച്ചു. ബാസ്കറ്റ്ബോള്‍/ ടെന്നീസ് സിന്തറ്റിക് കോര്‍ട്ട് ഉദ്ഘാടനം കായികമന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. കായിക ക്ഷമതയുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണു സര്‍ക്കാരിനുള്ളതെന്നും പ്രസ്താവിച്ച അദ്ദേഹം അവാര്‍ഡിനും റിവാര്ഡിനുമപ്പുറം മനുഷ്യന്റെ ശാരീരിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് ഉദ്ദേശമെന്നു കൂട്ടിച്ചേര്‍ത്തു. ഡോ. ആര്. ബിന്ദുവും വി. അബ്ദുറഹിമാനും ഒരുമിച്ചു ചേര്‍ന്നാണ് സാഹസിക പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൂടാതെ വനിതാ ഫുട്ബോളില്‍ പുതിയ കാല്‍വെപ്പിനായി പ്രഫണല്‍ ക്ലബായ കേരള യുണൈറ്റഡ് എഫ്സിയുമായി കൈകോര്‍ത്ത് അന്തര്‍ദേശീയ, ദേശീയ താരങ്ങള്‍ അടങ്ങിയ അക്കാദമി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കപ്പെട്ടു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആഷ തെരേസ് അധ്യക്ഷത വഹിച്ചു. ഹോളിഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡോ. ആനി കൂര്യാക്കോസ്, കാലിക്കട്ട് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്, സെന്റ് ജോസഫ്സ് കോളജിലെ കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, റിട്ട. സിഎസ്ആര്‍ ഹെഡായ തമ്പി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന്, ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് ജോഫി മാത്യു, കോളജിലെ കായിക വിഭാഗം അധ്യാപിക തുഷാര ഫിലിപ്പ്, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ അഞ്ജലീന, ജനറല്‍ ക്യാപ്റ്റന്‍ കെ.എം. നന്ദന എന്നിവര്‍ പങ്കെടുത്തു.