കനത്ത മഴ: ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥ, സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞു
കരുവന്നൂര്‍:
കനത്ത മഴയെ തുടര്‍ന്ന് കരുവന്നൂര്‍ വലിയപാലത്തിനു സമീപം പുഴയോടു ചേര്‍ന്നു താമസിക്കുന്ന തെക്കൂടന്‍ വീട്ടില്‍ പ്രിന്‍സിന്റെ മതില് തകര്‍ന്നു. മഴയെ തുടര്‍ന്നു പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഇറിഗേഷന്‍ വകുപ്പ് ഉദ്യേഗസ്ഥര്‍ ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്. ഇതുമൂലം വെള്ളത്തിന്റെ ശക്തമായ സമ്മര്‍ദമാണു മതിലു തകരാന്‍ കാരണമായത്. 50 അടി നീളമുള്ള മതിലാണു തകര്‍ന്നു പുഴയിലേക്കു വീണിരിക്കുന്നത്. മഴതുടരുന്ന സാഹചര്യത്തില്‍ പറമ്പിലെ മണ്ണും പുഴയിലേക്ക് ഒലിച്ചിറങ്ങുകയാണ്. തെങ്ങിന് തൈകളും മോട്ടോര്‍ഷെഡും ഏതു സമയവും വീഴാവുന്ന അവസ്ഥയിലാണിപ്പോള്‍. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.