വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം നല്കി, ഇരിങ്ങാലക്കുടയില്‍ കോടികളുടെ തട്ടിപ്പ്
ഇരിങ്ങാലക്കുട: വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം നല്കി എമിഗ്രോ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പോലീസില്‍ പരാതി. ഇതുമായി ബന്ധപ്പെട്ട് കമ്പനി സിഇഒ കുന്നംകുളം സ്വദേശി കിടങ്ങാടന് വീട്ടില്‍ മിജോ കെ. മോഹന്‍, ജനറല്‍ മാനേജര്‍ ഇരിങ്ങാലക്കുട ചക്കാലക്കല്‍ സുമേഷ് ആന്റണി എന്നിവരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഗ്രൂപ്പ് ഡയറക്ടര്‍ ആസിഫ് മുഹമ്മദിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചതായി ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു. തട്ടിപ്പിന്റെ കഥകള്‍ അറിഞ്ഞതോടെ പലരും പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. പലരില്‍ നിന്നും ആദ്യഗഡുവായി രണ്ടു ലക്ഷം രൂപയാണ് ബാങ്ക് ട്രാന്‍സ്ഫര്‍ ആയി വാങ്ങിയിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപനത്തില്‍ നിന്നും തൃപ്തികരമല്ലാത്ത മറുപടികള്‍ ലഭിച്ചുതുടങ്ങിയതോടെയാണ് പലരിലും സംശയങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ജോബ് വിസ നല്‍കാമെന്നു പറഞ്ഞാണ് പലരില്‍നിന്നും പണം തട്ടിയെടുത്തിരുന്നത്. ഒമ്പതര കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്. കേരളത്തിലെ പല ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇപ്പോള്‍ അഞ്ചുപേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ എടുത്തുവരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കു സമീപം എമിഗ്രോ സൂപ്പര്‍മാര്‍ക്കറ്റിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പോലീസ് എത്തിയത്.