കെഎസ്ആര്‍ടിസി ജീവനക്കാരില്ല, റൂട്ടുകള്‍ കുറയ്ക്കുന്നു
ഇരിങ്ങാലക്കുട: ഡ്രൈവര്‍മാരുടെയും ജീവനക്കാരുടെയും കുറവ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നു. മാള സബ് ഡിപ്പോയിലും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ഓപ്പറേറ്റിങ് സെന്ററുകളിലുമാണ് ആവശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്മാരുമില്ലാതെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവരുന്നത്. ജില്ലയിലെ ഏഴ് യൂണിറ്റുകളില്‍ തൃശൂര്‍ ഡിപ്പോയിലും ഗുരുവായൂര്‍, ചാലക്കുടി, പുതുക്കാട് സബ് ഡിപ്പോകളിലും ജീവനക്കാരുള്ളതിനാല്‍ സര്‍വീസുകള്‍ മുടങ്ങുന്നില്ല. എന്നാല്‍, മറ്റിടങ്ങളില്‍ പ്രതിദിനം ഒന്നും രണ്ടും സര്‍വീസുകള്‍ ഒഴിവാക്കേണ്ട സ്ഥിതിയാണ്. മാള സബ് ഡിപ്പോയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍, ചാലക്കുടിക്ക് കീഴില്‍ ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. 14 സര്‍വീസുകള്‍ നടത്തുന്ന ഇരിങ്ങാലക്കുടയില്‍ ഞായറാഴ്ച മുതല്‍ നാലമ്പല തീര്‍ഥാടനം തുടങ്ങുന്നതോടെ രണ്ട് സര്‍വീസുകള്‍ ഒഴിവാക്കേണ്ട സ്ഥിതിയിലാണ്. ഇരിങ്ങാലക്കുടയില്‍നിന്ന് രണ്ട് വണ്ടികളാണ് 31 ദിവസവും നാലമ്പല തീര്‍ഥാടനത്തിനായി സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വലിയതോതില്‍ ബുക്കിങ് നടക്കുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മറ്റ് സര്‍വീസുകള്‍ വെട്ടിക്കുറച്ച് നാലമ്പല സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അവധികള്‍ വെട്ടിക്കുറച്ചും ഒഴിവാക്കിയുമൊക്കെയാണ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ജോലിചെയ്യുന്നത്. ഇരിങ്ങാലക്കുടയില്‍ പത്ത് ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവാണ് ഉള്ളത്. അതില്‍ പകുതിയെങ്കിലും ലഭ്യമായാല്‍ സര്‍വീസുകള്‍ തടസമില്ലാതെ നടത്താനാകുമെന്ന് അധികൃതര്‍ പറഞ്ഞു. ജീവനക്കാരുടെ കുറവ് നികത്തണമെന്ന് ആവശ്യപെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. 25 സര്‍വീസുകള്‍ നടത്തുന്ന മാള സബ് ഡിപ്പോയില്‍ പത്തുവീതം ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവുണ്ട്. ഇതുമൂലം ദിവസവും രണ്ട് സര്‍വീസ് വീതമെങ്കിലും ഒഴിവാക്കേണ്ടിവരുന്നു. 21 സര്‍വീസുകളുള്ള കൊടുങ്ങല്ലൂരില്‍ ജീവനക്കാരുടെ കുറവുമൂലം 19,20 സര്‍വീസുകളാണ് നടക്കുന്നത്. 49 ഡ്രൈവര്‍മാര്‍ വേണ്ട കൊടുങ്ങല്ലൂരില്‍ 44 പേരാണ് ഉള്ളത്. കണ്ടക്ടര്‍മാര്‍ 49 പേര് വേണ്ടിടത്ത് രേഖകളില്‍ 39ഉം ജോലിക്ക് 30 പേരുമാണുള്ളത്. കഴിഞ്ഞവര്‍ഷം ജനറല്‍ സ്ഥലം മാറ്റത്തിലൂടെ പോയ കണ്ടക്ടര്‍മാര്‍ക്ക് പകരം വന്നവരില്‍ ഭൂരിഭാഗവും രാഷ്ട്രീയ സ്വാധീനവും യൂണിയന് സ്വാധീനവുമൊക്കെയായി അവരവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ചുപോയി. കഴിഞ്ഞവര്‍ഷം സ്ഥലം മാറിപോയ ഡ്രൈവര്‍മാര്‍ക്ക് ആനുപാതികമായി ഡ്രൈവര്‍മാരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.