മോട്ടോ റെയില്‍ പദ്ധതിയുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്റെ പഠനറിപ്പോര്‍ട്ട്
ഇരിങ്ങാലക്കുട: ഹൈവേകളിലെ വാഹനപ്പെരുപ്പത്തിന് പരിഹാരം കാണാന്‍ മോട്ടോ റെയില്‍ എന്ന ആശയം അവതരിപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്. നിലവിലെ റെയില്‍ പാതകള്‍ ഉപയോഗിച്ച് ദീര്‍ഘദൂര യാത്രികരെ അവരുടെ കാറുകളില്‍ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന തീവണ്ടികള്‍ ആണ് ‘മോട്ടോ റെയില്‍’ എന്ന് അറിയപ്പെടുന്നത്. വിദേശങ്ങളില്‍ പ്രാബല്യത്തിലുള്ള ഈ പദ്ധതിയുടെ കേരളത്തിലെ സാധ്യതയെ കുറിച്ചാണ് ടെക്ലെടിക്സ് 2022 നോട് അനുബന്ധിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം പഠനം നടത്തിയത്. ഡോ. ജിനോ ജോണ്‍, ഡോ. എം.ജി. കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജുവിന് കൈമാറി. അധ്യാപകരായ ഡോ. അരുണ്‍ അഗസ്റ്റിന്, സുനില്‍ പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുറഞ്ഞ മുതല്‍ മുടക്കില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പദ്ധതിയിലൂടെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ഇന്ധന ചെലവ് കുറയ്ക്കുക, സുരക്ഷിത യാത്ര ഉറപ്പാക്കുക, വാഹനങ്ങളിലൂടെയുള്ള വായു മലിനീകരണത്തിന് കുറവ് വരുത്തുക എന്നീ ഗുണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.