ഇരിങ്ങാലക്കുടയില്‍ സൗജന്യമായി ജെസിഐ വസ്ത്രവിതരണം ഡ്രസ് ബാങ്ക് ആരംഭിച്ചു
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണാലിന്റെ ലേഡി ജെസിവിംഗിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജിലെ തവനീഷ് സംഘടനയുടെ സംയുക്ത സഹകരണത്തോടെ ഇരിങ്ങാലക്കുടയില്‍ ആദ്യമായി സൗജന്യ വസ്ത്രവിതരണം ഡ്രസ് ബാങ്ക് തുറന്നു പ്രവര്‍ത്തിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനും കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോനും ഠാണാ ഇമാം കബീര്‍ മൗലവിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട പട്ടണത്തില്‍ ആര്‍ക്കും വസ്ത്രമില്ലാതെ ബുദ്ധിമുട്ടാന്‍ പാടില്ലയെന്നുള്ള ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ജെസിഐ ഇരിങ്ങാലക്കുട ലേഡി ജെസി വിംഗിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജ് തവനീഷ് സംഘടനയുമായി യോജിച്ചുകൊണ്ട് ഡ്രസ് ബാങ്ക് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആര്‍ക്കും സൗജന്യമായി അവരവര്‍ക്കാവശ്യമായ വസ്ത്രം തെരഞ്ഞെടുക്കാവുന്ന രീതിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്ക്കും ഓരോരുത്തരുടെയും അളവിനനുസരിച്ച് തരംതിരിച്ച് വിവിധങ്ങളായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഈ ഡ്രസ് ബാങ്ക് രൂപീകരിച്ചിട്ടുള്ളത്. ഓരോ ദിവസം രാവിലെ എട്ട് മുതല്‍ വൈകീട്ട് ഏഴ് വരെ ഇരിങ്ങാലക്കുട ഠാണാവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ഡ്രസ് ബാങ്കില്‍ നിന്നും ആരുടെയും സമ്മതമില്ലാതെ, ആരുടെയും കാവലില്ലാതെത്തന്നെ അവരവര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ സൗജന്യമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ ഡ്രസ് ബാങ്കിനുണ്ടായിരിക്കും. ജെസിഐ പ്രസിഡന്റ് മേജോ ജോണ്സണ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ലേഡി ജേസി വിംഗ് ചെയര്‍പേഴ്സണ്‍ നിഷീന നിസാര്‍, ജെസിഐ ഇന്ത്യ ചീഫ് എക്സീക്യുട്ടീവ് അസിസ്റ്റന്റ് ടു നാഷണല്‍ പ്രസിഡന്റ് അഡ്വ. രെഗേഷ് ശര്‍മ്മ, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പണിക്കപറമ്പില്‍, സോണി വര്‍ഗീസ്, നിസാര്‍ അഷറഫ്, ടെല്‍സണ്‍ കോട്ടോളി, ഷൈജോ ജോസ്, സാന്റോ, വിസ്മയ തവനീഷ് കോഡിനേറ്റര്‍ പ്രഫ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഡ്രെസുകള്‍ നല്‍കാനാഗ്രഹിക്കുന്നവര്‍ ഈ നമ്പറുമായി ബന്ധപ്പെടുക ഫോണ്‍: ആന്റണി 7994684359.