ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ഇരിഞ്ഞാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാസര്‍കോട് എരിഞ്ഞിപ്പുഴ സ്വദേശിയായ മുസ്തഫ ആണ് ബൈബിള്‍ കത്തിക്കുകയും അതു സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത്. എല്ലാ മത വിശ്വാസങ്ങളെയും തുല്യതയോടെ കാണുന്ന പാരമ്പര്യമാണ് ഭാരതത്തില്‍ ഉള്ളത്. എന്നാല്‍ ക്രൈസ്തവര്‍ പാവനമായി കരുതുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക വഴി ക്രൈസ്തവ മത വിശ്വാസത്തെയും വിശ്വാസികളെയും അവഹേളിക്കുകയാണ് ചെയ്തത് എന്നും ഇത്തരത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന വ്യക്തികളെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവ മതത്തിനെതിരായി തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ സമിതി അപലപിച്ചു. ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ഉത്ബോധിപ്പിച്ചു. ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ചെയര്മാന് മോണ്‍. വില്‍സണ്‍ ഈരത്തറ, ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, പ്രസിഡന്റ് അഡ്വ. ജോര്‍ഫിന്‍ പെട്ട, ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ഇ. ടി. തോമസ് എന്നിവര്‍ സംസാരിച്ചു.