താത്കാലിക നിയമനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തില്‍ വീണ്ടും പ്രതിപക്ഷ വിമര്‍ശനം
ഇരിങ്ങാലക്കുട: നികുതി പിരിവിനായി എല്‍ഡി ക്ലാര്‍ക്ക് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്താനുള്ള തീരുമാനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ വീണ്ടും വിമര്‍ശനം. ഒഴിവിലേക്ക് കൊരുമ്പിശ്ശേരി സ്വദേശിനിയെ നിയമിക്കാനുള്ള ഫൈനാന്‍സ് കമ്മിറ്റി തീരുമാനം കഴിഞ്ഞ മാസം 28 ന് ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്ന പ്രതിപക്ഷ വിമര്‍ശനങ്ങളെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. അപേക്ഷകള്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ അതേ വ്യക്തിയെ തന്നെ വീണ്ടും നിയമിക്കുന്നത് സംബന്ധിച്ച് യോഗത്തിന് മുമ്പാകെ വന്ന അജണ്ടയാണ് വീണ്ടും പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം മാറ്റി വയ്ക്കാന്‍ മാത്രമാണ് കഴിഞ്ഞ യോഗം തീരുമാനിച്ചതെന്നും പുതിയ അപേക്ഷകള്‍ വിളിക്കാന്‍ തീരുമാനിച്ചിരുന്നില്ലെങ്കിലും ബിജെപി അംഗം സന്തോഷ് ബോബന് ചൂണ്ടിക്കാട്ടി. നടപടി ക്രമങ്ങള്‍ പാലിക്കാതെ ഉള്ള നിയമനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് അംഗം അഡ്വ കെ ആര് വിജയയും വ്യക്തമാക്കി. എന്നാല്‍ വര്‍ഷങ്ങളായി ഇതേ രീതിയില്‍ താത്കാലിക നിയമനങ്ങള്‍ നടത്താറുണ്ടെന്നും നികുതിയിനത്തില്‍ അഞ്ച് കോടി രൂപ പിരിച്ചെടുക്കാന്‍ ഉണ്ടെന്നും ചട്ടങ്ങള്‍ പാലിച്ച് അപേക്ഷകള്‍ ക്ഷണിച്ചും ലഭിച്ച അപേക്ഷകളില്‍ നിന്ന് അഭിമുഖം നടത്തി കൂടുതല്‍ യോഗ്യത ഉണ്ടെന്ന് ബോധ്യമായ വ്യക്തിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും നഗരസഭ സെക്രട്ടറി വിശദീകരിച്ചു. എന്നാല്‍ നിയമന നീക്കം രാഷ്ട്രീയ വിവേചനം ആണെന്നും സുതാര്യത ഇല്ലെന്നും ബിജെപി വിയോജിപ്പ് രേഖപ്പെടുത്തുകയാണെന്നും സന്തോഷ് ബോബന് പറഞ്ഞു. ബിജെപി അംഗങ്ങള്‍ ഉള്‍പ്പെട്ട ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഐക്യകണ്ഠേനയാണ് തീരുമാനം എടുത്തതെന്ന് ഭരണകക്ഷി അംഗം പി ടി ജോര്‍ജ്ജ് പറഞ്ഞു. കമ്മിറ്റിയുടെ മുന്നില്‍ ഈ തീരുമാനം വന്നിരുന്നില്ലെന്ന് ബിജെപി അംഗം അമ്പിളി ജയന് പറഞ്ഞു. ഒടുവില്‍ ബിജെപിയുടെ വിയോജിപ്പോടെ നിയമന തീരുമാനം യോഗം അംഗീകരിച്ചു. 2022-23 വര്‍ഷത്തെ പദ്ധതിയില്‍പ്പെട്ട പ്രവൃത്തികള്‍ സംബന്ധിച്ച് ലഭിച്ച ടെണ്ടറുകള്‍ യോഗം അംഗീകരിച്ചു. യോഗത്തില്‍ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.