ഇരിങ്ങാലക്കുട നഗരസഭയുടെ 2023 -24 വര്‍ഷത്തെ ബഡ്ജറ്റ്
ഇരിങ്ങാലക്കുട: ആരോഗ്യ മേഖലക്ക് നാല് കോടി പത്ത് ലക്ഷവും കാര്‍ഷിക മേഖലക്ക് ഒരു കോടി നാല്പത്തിയേഴ് ലക്ഷവും തൊഴിലുറപ്പ് പദ്ധതിക്ക് ആറര കോടി രൂപയും വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ 2023 -24 വര്‍ഷത്തെ ബഡ്ജറ്റ് . 1, 11,77,39,772 രൂപ വരവും 1,09, 16,46,280 രൂപ ചിലവും 2,60,93,492 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13, 05 ,80,000 രൂപ കുടിവെള്ള പദ്ധതികള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ നഗരസഭയിലെ കുടിവെള്ളക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുമെന്ന് നഗരസഭ വൈസ് ചെയര്മാന് ടി വി ചാര്‍ളി അവതരിപ്പിച്ച ബഡ്ജറ്റ് വ്യക്തമാക്കുന്നു. പട്ടണത്തിലെ റോഡുകള്‍ക്കും പുതിയ കെട്ടിടങ്ങള്‍ക്കുമായി ഒന്‍പത് കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ശുചിത്വം , മാലിന്യ സംസ്കരണം എന്നിവ ലക്ഷ്യമാക്കി വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്കായി ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ട്.കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ മികച്ച നിലയില്‍ നടപ്പിലാക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ബഡ്ജറ്റ് ചൂണ്ടിക്കാണിക്കുന്നു. ലൈഫ് പിഎംഎവൈ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കായി 398 ലക്ഷം രൂപ ജനറല്‍ വിഭാഗത്തിനും 352 രൂപ പട്ടികജാതി വിഭാഗത്തിനും നഗരസഭ വകയിരുത്തിയിട്ടുണ്ട്.അതി ദാരിദ്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 197 അതി ദാരിദ്ര്യ കുടുംബങ്ങളെ 2025 ആകുന്നതോടെ അതി ദാരിദ്ര്യരുടെ പട്ടികയില്‍ നിന്നും മോചിതരാക്കുന്ന നടപടികളുടെ ഭാഗമായി 202223 സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതായി ബഡ്ജറ്റ് എടുത്ത് പറയുന്നുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ക്കായി 2,77, 28 , 000 രൂപ വകയിരുത്തിയിട്ടുണ്ട്. വനിതാ വികസന മേഖലയില്‍ 78 ലക്ഷം രൂപയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിദ്യാഭ്യാസം കലാ സംസ്ക്കാരികം മേഖലയില്‍ ഒരു കോടി നാല്പത് ലക്ഷം രൂപയാണ് ചിലവഴിക്കുക. കുട്ടികളുടെ മേഖലക്ക് 34,00,000 രൂപയും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവിധ പദ്ധതികള്‍ക്കായി 64,00,000 രൂപയും നീക്കി വച്ചിട്ടുണ്ട്. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു