മുരിയാട് ഗ്രാമപഞ്ചായത്ത് ജീവധാര ശുചിത്വം ഗ്രാമപദ്ധതികള്ക്ക് തുടക്കമായി
മുരിയാട്: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ജീവധാരയുടെ ഭാഗമായി 248 വീടുകളില്‍ ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബയോ ബിന്നുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബയോ ബിന്‍ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. 17 വാര്‍ഡുകളിലായി ആദ്യഘട്ടത്തില്‍ 248 പേര്‍ക്കാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള ഉറവിട മാലിന്യ സംസ്കരണം ഏര്‍പ്പെടുത്തുക എന്നതാണ് പഞ്ചായത്ത് ആഗ്രഹിക്കുന്നത്. ഈ മാസംതന്നെ ശുചിത്വ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. ഉദ്ഘാടന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, സരിത സുരേഷ്, നിഖിത അനൂപ്, സേവിയര്‍ ആളുക്കാരന്‍, തോമസ് തൊകലത്ത്, റോസ്മി ജയേഷ്, മണി സജയന് തുടങ്ങിയവര്‍ പങ്കെടുത്തു.