ജേക്കബ്ബ് മാഷുടെയും റോസി ടീച്ചറുടേയും വീട്ടിലെ പുസ്തക ശേഖരം വടക്കുംകര ഗവ. യുപി സകൂളിന്
അരിപ്പാലം: കല്‍പറമ്പിലെ റിട്ടയേഡ് അധ്യാപകനായിരുന്ന പരേതനായ ജേക്കബ്ബ് മാഷുടെയും റോസി ടീച്ചറുടേയും അമൂല്യങ്ങളായ പുസ്തകങ്ങളുടെ ശേഖരം ഗവ. യുപി വടക്കുംകരക്ക് കൈമാറി. ഗവ. യുപി സ്കൂള്‍ വടക്കുംകരയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് അദ്ദേഹത്തിന്റെ മകന് ജോഷി തെരുവപ്പുഴ പുസ്തകങ്ങള്‍ വിദ്യാലയത്തിനു വേണ്ടി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിയെ ഏല്പിച്ചു. കഥകളും കവിതകളും ലേഖനങ്ങളുമെല്ലാമടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന അത്യപൂര്‍വ്വ പുസ്തകങ്ങളുടെ ശേഖരമാണ് കൈമാറിയത്. വിദ്യാലയത്തിലെ ലൈബ്രറിയില്‍ ‘സൂക്ഷിച്ചിരിക്കുന്ന ഈ പുസ്തകങ്ങള്‍ ജൂണ്‍ 19 ന് വായനാ ദിനാഘോഷത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറികളിലൂടെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമാക്കുമെന്ന് വിദ്യാലയധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജൂലി ജോയ് അധ്യക്ഷത വഹിച്ചു. ജോഷി തെരുവപുഴ, സകൂള്‍ ലീഡര്‍ അഭിനവ് കൃഷ്ണ, പ്രധാനാധ്യാപകന് ടി.എസ്. സജീവന്, എസ്ആര്‍ജി കണ്‍വീനര്‍ ജസ്റ്റീനാ ജോസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം ജേക്കബ്ബ് മാഷുടെ വീട്ടിലെത്തി ആദരസൂചകമായി വിദ്യാലയത്തിന്റെ ഉപഹാരം പഞ്ചായത്ത്’ പ്രസിഡന്റ് കെ.എസ്. തമ്പി റോസി ടീച്ചര്‍ക്ക് സമര്‍പ്പിച്ചു.