ജീവധാര പദ്ധതിക്ക് മുരിയാട് പഞ്ചായത്തില്‍ തുടക്കമായി
മുരിയാട്: സമഗ്രവും സുസ്ഥിരവുമായ ആരോഗ്യരംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ജീവധാര പദ്ധതിക്ക് ജില്ല ഭരണകൂടം നൂതന പദ്ധതിയായി അംഗീകാരം നല്‍കിയിരുന്നു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ, മൊബൈല്‍ ആപ്പ് പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു. ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വലിച്ചെറിയല്‍ സംസ്കാരത്തില്‍ നിന്നും കേരളം ഏറെ മാറി ചിന്തിക്കേണ്ടതുണ്ടെന്നും സംതൃപ്ത സമൂഹത്തിന് ആവശ്യമായ അടിസ്ഥാന രംഗത്തെ വികസനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുന്നുണ്ടെന്നും ആരോഗ്യരംഗത്ത് രോഗപ്രതിരോധശേഷിയില്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തുന്നതോടുകൂടി ഹാപ്പിനസ് ഇന്‍ഡക്സിലേക്ക് കേരളം അതിവേഗം കുതിച്ചു കൊണ്ടിരിക്കകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പോഷകസമൃദ്ധ, രോഗ പ്രതിരോധതയാര്ന്ന പഞ്ചായത്ത് എന്ന ലക്ഷ്യം നവ കേരള ലക്ഷ്യങ്ങളുടെ സുപ്രധാനമായ ഒന്നാണ് എന്നും ആ അര്‍ഥത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് കേരളത്തിന് മുമ്പേ പറക്കുന്ന പക്ഷിയായി മാറുകയാണ് ജീവധാര പദ്ധതിയിലൂടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ആരോഗ്യ ദായിക വളണ്ടിയര്‍മാര്‍, ജീവധാര സ്പെഷ്യല്‍ വളണ്ടിയേഴ്സ്, അംഗനവാടി ടീച്ചര്മാര്, ആശാവര്‍ക്കര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലനവും ചടങ്ങില്‍ വച്ച് നടക്കുകയുണ്ടായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, വികസനകാര്യ സമിതി ചെയര്മാന് കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ.എം. ബാലചന്ദ്രന്, ഡോ. കേസരി മേനോന്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി, ബ്ളോക്ക് പഞ്ചായത്തംഗം ഷീനാ രാജന്, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, നിഖിത അനൂപ്, സേവിയര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, മണി സജയന്, സെക്രട്ടറി റെജി പോള്‍, കിലാ ഫാക്കല്‍റ്റി ഭാസുരാംഗന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജു, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. പദ്ധതിയുടെ അടുത്തഘട്ടം എന്ന നിലയില്‍ ഇരുപതാം തീയതിക്കുള്ളില്‍ അനീമിയ സര്‍വ്വേ പൂര്‍ത്തീകരിക്കും. 21 മുതല്‍ ക്യാമ്പുകള്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ആരംഭിക്കുന്നതാണ്.