50 ദിവസം, 298 പേജുകള്‍; 85 ാം വയസിലും മറിയാമ്മ ടീച്ചര്‍ വടിവൊത്ത കയ്യക്ഷരത്തില്‍ ബൈബിള്‍ പകര്‍ത്തിയെഴുതി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശിനിയും റിട്ടയേര്‍ഡ് പ്രധാന അധ്യാപികയുമായ തേലപ്പിള്ളി പാറമ്മേല്‍ ലോനപ്പന് ഭാര്യ മറിയാമ്മ ടീച്ചര്‍ തന്റെ 85ാം വയസില്‍ ബൈബിളിലെ നാലു സുവിശേഷങ്ങള്‍ പൂര്‍ണ്ണമായും പകര്‍ത്തി എഴുതി ഇരിങ്ങാലക്കുട രൂപതയുടെ ബഹുമതിക്ക് അര്‍ഹയായി. ഇരിങ്ങാലക്കുട രൂപതയിലെ അംഗങ്ങള്‍ക്കു വേണ്ടി പ്രായഭേദമന്യേ നടത്തിയ മത്സരത്തിലാണ് അമ്പതു ദിവസങ്ങള്‍ കൊണ്ട് ബൈബിളിലെ നാലു സുവിശേഷങ്ങളും 298 പേജുകളിലായി പൂര്‍ണമായി പകര്‍ത്തി എഴുതി ഇടവക തലത്തിലും, രൂപത തലത്തിലും മറിയാമ്മ ടീച്ചര്‍ സമ്മാനങ്ങള്‍ നേടിയത്. ഇരിങ്ങാലക്കുട രൂപത ബൈബിള്‍ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പകര്‍ത്തിയെഴുതുന്ന ”ലാബിബ്ലിയ 2023” മത്സരത്തില്‍ 380 പേരാണ് പങ്കെടുത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ വയസുള്ള മത്സരാര്‍ത്ഥിയായിരുന്നു മറിയാമ്മ ടീച്ചര്‍. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിതരണം ചെയ്തു. ഈ പ്രായത്തിലും മികച്ച കൈയ്യക്ഷരം കാത്തു സൂക്ഷിക്കുന്നതില്‍ ബിഷപ്പിന്റെ പ്രത്യേക അഭിനന്ദനവും ടീച്ചര്‍ക്ക് ലഭിച്ചു. മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ നിന്നാണ് മറിയാമ്മ ടീച്ചര്‍ പ്രധാന അധ്യാപികയായി വിരമിച്ചത്. മായന്നൂര്‍, പേരാമ്പ്ര, കല്ലേറ്റുംകര, എടതിരിത്തി എന്നീ സ്കൂളുകളിലും ടീച്ചര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ദീര്‍ഘകാലം മതബോധന അധ്യാപിക ആയിരുന്നു. ലീജിയന് ഓഫ് മേരി, മാതൃസംഘം എന്നീ കൂട്ടായ്മകളിലും സജീവമായിരുന്നു. നിലവില്‍ ഇടവക വയോജന സഖ്യത്തില്‍ അംഗമാണ്.