ഭിന്നശേഷിക്കാര്‍ നേരിടുന്ന ദന്തരോഗ പരിചരണ പ്രതിസന്ധിക്കു പരിഹാരം
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ദന്തരോഗ പരിചരണ പ്രതിസന്ധിക്കു പരിഹാരം. ഭിന്നശേഷി സൗഹൃദത്തോടെയുള്ള ആധുനിക ദന്ത പരിചരണ യൂണിറ്റ് കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിനില്‍ (നിപ്മര്‍) പ്രവര്‍ത്തനം തുടങ്ങി. പൊതുമേഖലയിലെ ആദ്യ ഭിന്നശേഷി സൗഹൃദ ദന്ത പരിചരണ യൂണിറ്റാണിത്. മാനസിക ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്ക് സാധാരണയായി സുഗമമായ രീതിയില്‍ ദന്തശുചിത്വം സംരക്ഷിക്കാന്‍ കഴിയാറില്ല. ഇതുമൂലം ഇത്തരക്കാര്‍ക്ക് ദന്തരോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. പൊതുസ്വകാര്യ ദന്ത രോഗ പരിചരണ കേന്ദ്രങ്ങള്‍ ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിപ്മര്‍ ദൗത്യം ഏറ്റെടുത്തത്. ഭിന്ന ശേഷി സൗഹൃദത്തോടെയുള്ള ദന്ത പരിചരണം പൊതുവെ ഭിന്നശേഷി കുട്ടികള്‍ക്ക് ലഭിക്കാറില്ലെന്നും ഇത് ഇത്തരക്കാരുടെ ദന്ത ആരോഗ്യത്തിന് വിഘാതം സൃഷ്ടിക്കുകയാണ് പതിവെന്നും നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു പറഞ്ഞു. നിപ്മറിലെ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ക്ക് മാത്രമല്ല പുറത്തുള്ളവര്‍ക്കും ഈ ദന്ത പരിചരണ യൂണിറ്റിനെ ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ നാലു ദിവസങ്ങളായി രണ്ടു ഡോക്ടര്‍മാരുടെ സേവനവും തെറാപ്പി സൗകര്യങ്ങളുമുണ്ട്. ഒരു ദിവസം പീഡിയാട്രിക് ഡെന്റിസ്റ്റിന്റെ സേവനവുമുണ്ടാകും. ഓട്ടിസം, സെറിബ്രല്‍ പാഴ്സി പോലുള്ള രോഗം ബാധിച്ച കുട്ടികളെ ഇണക്കി അവര്‍ക്ക് ദന്ത പരിചരണവും ചികിത്സയും ഉറപ്പാക്കുകയാണ് ചെയ്യുക. നാലു ലക്ഷം രൂപ ചെലവഴിച്ചാണ് ദന്ത പരിചരണ യൂണിറ്റ് ആരംഭിച്ചത്. ദന്ത പരിചരണവുമായി ബന്ധപ്പെട്ട മുപ്പത്തി ഒന്നോളം ചികിത്സകള്‍ ഇവിടെ ലഭ്യമാണ്.